ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ട് തന്നൊയണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് വേദിയാകുന്നത്.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ പദ്ധതിയെ പ്രോട്ടീസ് നായകന്‍ ഡീന്‍ എല്‍ഗര്‍ തള്ളിപ്പറഞ്ഞിരുന്നു. ബാസ്‌ബോള്‍ അധികകാലം വാഴില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്‍ഗറിനെതിരെ ഒരുപാട് ഇംഗ്ലണ്ട് താരങ്ങളും മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ബാസ് ബോള്‍ പദ്ധതി വാഴില്ലെന്ന് പറയാന്‍ താന്‍ ആരാണെന്ന് എല്‍ഗറിനോട് എല്ലാവരും ചോദിച്ചിരുന്നു.
ഇപ്പോഴിതാ ബാസ്‌ബോളിനെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരമായ ജെഫ്രി ബോയിക്കോട്ട്. 81 വയസുകാരനായ ബോയ്‌ക്കോട്ടിന് ഒരു തരത്തിലും ബാസ്‌ബോള്‍ ബോധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസിലാകും.
ന്യൂബോളില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ പിച്ചില്‍ നിന്നും ഇറങ്ങി അറ്റാക്ക് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നില്ലെന്നാണ് ബോയ്‌ക്കോട്ട് പറഞ്ഞത്. എന്നാല്‍ ടീമുകള്‍ അത് ഒരുപാട് കാലം വാഴുമെന്ന് കരുതുന്നെങ്കില്‍ അവരെ വിഡ്ഢികളെന്നേ താന്‍ വിളിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂ ബോളില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലേക്ക് ചാര്‍ജ് ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. ഈ ആശയം ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നില്ല. ബാസ്‌ബോള്‍ സമീപനത്തിലൂടെ ഏതെങ്കിലും ലോകോത്തര ബൗളറെ നേരിടാന്‍ കഴിയുമെന്ന് ടീം കരുതുന്നുവെങ്കില്‍, അവര്‍ വിഡ്ഢികളാണ്,’ ബോയ്‌ക്കോട്ട് പറഞ്ഞു.
ന്യൂസിലാന്‍ഡിനും ഇന്ത്യക്കുമെതിരെ ഇംഗ്ലണ്ട് പുതിയ അറ്റാക്കിങ് ബ്രാന്‍ഡ് വിജയകരമായി നടപ്പാക്കി. എന്നാലും ബോയ്ക്കോട്ട് ടീമിന്റെ ഒരു പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി.
അറ്റാക്കിങ് ഗെയിം ഇംഗ്ലണ്ട് സ്വീകരിച്ചുവെങ്കിലും ഓപ്പണര്‍മാരായ അലക്‌സ് ലീസ്, സാക് ക്രോളി, ഒലി പോപ് എന്നിവര്‍ക്ക് കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നു. ഇവര്‍ ന്യൂബോള്‍ പേസ് ചെയ്യുന്ന ബാറ്റര്‍മാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇംഗ്ലണ്ടിന്റെ ടോപ്പ് ഓര്‍ഡര്‍ അറ്റാക്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ന്യൂ ബോള്‍ കളിക്കുകയും റണ്‍സ് നേടുകയും ചെയ്യുക എന്നതാണ് അവരുടെ ചുമതല, പക്ഷേ അവര്‍ അതില്‍ പരാജയപ്പെട്ടു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.