വലിയ എതിരാളിയാണെങ്കിലും ഓസിസ് ആരാധകർ അവന് വേണ്ടി കയ്യടിക്കും: ജെഫ് ലോസൺ
Cricket
വലിയ എതിരാളിയാണെങ്കിലും ഓസിസ് ആരാധകർ അവന് വേണ്ടി കയ്യടിക്കും: ജെഫ് ലോസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 2:13 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയോടുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരുടെ മനോഭാവം എങ്ങനെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ജെഫ് ലോസൺ.

കോഹ്‌ലിയെ ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ അവര്‍ വിരാടിനെ അഭിനന്ദിക്കുമെന്നുമാണ് മുന്‍ ഓസീസ് താരം പറഞ്ഞത്. മിഡ് ഡേയ്ക്ക് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോസൺ.

കോഹ്‌ലിയെ പോലുള്ള ഒരു എതിരാളിയെ ഓസ്‌ട്രേലിയന്‍ കാണികള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ ഒരു എതിരാളിയായി കളിക്കുന്നത് ഓസ്‌ട്രേലിയക്കാര്‍ക്ക് കുറച്ച് സങ്കടം നല്‍കിയേക്കാം. പക്ഷെ അദ്ദേഹം 50, 100 റണ്‍സ് നേടിയാല്‍ ആരാധകരില്‍ നിന്നും കയ്യടി നേടുമെന്നുറപ്പാണ്,’ മുന്‍ ഓസീസ് താരം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

 

Content Highlight: Geoff Lawson Talks About Virat Kohli