നൈജറിലെ നേതാവായി സ്വയം പ്രഖ്യാപിച്ച് അമദൗ അബ്ദ്രമനെ
World News
നൈജറിലെ നേതാവായി സ്വയം പ്രഖ്യാപിച്ച് അമദൗ അബ്ദ്രമനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th July 2023, 6:51 pm

നിയാമേ: സൈനിക അട്ടിമറി നടന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ നേതാവായി തന്നെ പ്രഖ്യാപിച്ച് കേണല്‍ മേജര്‍ അമദൗ അബ്ദ്രമനെ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി സേഫ്ഗാര്‍ഡിന്റെ പ്രസിഡന്റ് താനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയായിരുന്നു പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് യൂണിറ്റ് നൈജറില്‍ അട്ടിമറി നടത്തിയത്. ഭരണഘടന റദ്ദാക്കിയതായും ഭരണം ഏറ്റെടുത്തതായും സൈന്യം അറിയിച്ചിരുന്നു. പ്രസിഡന്റ് മുഹമ്മദ് ബസൗമം സൈന്യത്തിന്റെ തടങ്കലിലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജിയണല്‍ ബ്ലോക്ക് ( ഇക്കോവാസ്), യൂറോപ്യന്‍ യൂണിയന്‍, യു.എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളെല്ലാം അട്ടിമറിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സൈന്യത്തിന്റെ അട്ടിമറി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിനെ മോചിപ്പിക്കണമെന്ന് യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനും ഭരണഘടനയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി പടിഞ്ഞാറന്‍ സാമ്പത്തിക സംഘടനയായ ഇകോവാസും പറഞ്ഞു.

അതേസമയം, റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് അട്ടിമറിയെ പ്രശംസിച്ച് രംഗത്തെത്തി. ഇതൊരു വിജയമാണെന്ന് യെവ്‌ജെനി പ്രിഗോഷിന്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

2011 ലാണ് ഒമര്‍ ചിയാനി എന്നറിയപ്പെടുന്ന അമദൗ അബ്ദ്രമനെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ചുമതല ഏറ്റെടുക്കുന്നത്. തുടര്‍ന്ന് 2018ല്‍ മുന്‍ പ്രസിഡന്റ് മഹമദൗ ഇസൗഫൂ അദ്ദേഹത്തിന് ജനറല്‍ പദവി നല്‍കി.

2015ല്‍ പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിയില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നെങ്കിലും ഇക്കാര്യം അദ്ദേഹം കോടതിയില്‍ നിഷേധിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയും സാമ്പത്തികവും സാമൂഹികവുമായ ഭരണം മോശമായതിനെയും തുടര്‍ന്നാണ് ഭരണം ഏറ്റെടുത്തിരിക്കുന്നതെന്ന് അബ്ദ്രമനെ അട്ടിമറിക്ക് ശേഷം പറഞ്ഞിരുന്നു. എല്ലാ ബാഹ്യ പങ്കാളികളോടും ഇതില്‍ ഇടപെടരുതെന്നും അബ്ദ്രമനെ ആവശ്യപ്പെട്ടു.

 

Content Highlight: Gen Abdourahmane has declared himself the new leader of Niger