യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവം; ജാതി അധിക്ഷേപത്തിന് ഗീതാ ഗോപി എം.എല്‍.എ പരാതി നല്‍കി
തൃശ്ശൂര്‍: താന്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപത്തിനിരയാക്കിയെന്നാണ് ഗീതയുടെ പരാതി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസിനാണ് എം.എല്‍.എ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എം.എല്‍.എ പരാതി നല്‍കും.
നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ എം.എല്‍.എയെ വഴിയില്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിലെത്തി എം.എല്‍.എ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ എം.എല്‍.എ തയ്യാറായത്.
എന്നാല്‍ എം.എല്‍.എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകകയായിരുന്നു.
ചാണകവെള്ളം തളിയ്ക്കുന്നതിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. സുജിത് കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് എന്നിവര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് എ.ഐ.വൈ.എഫ് ചേര്‍പ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ ഷിഹാബ് പറഞ്ഞിരുന്നു.