കൊച്ചി: ഇന്ത്യാ വിന്‍ഡീസ് വേദി പ്രഖ്യാപനത്തോടെ വിവാദത്തിലായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയ വിവാദത്തില്‍ വിശദീകരണവുമായി ജി.സി.ഡി.എ. തീരുമാനം പു:നപരിശോധിക്കുകയാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ വ്യക്തമാക്കി. മാതൃഭൂമി.കോമിനോടാണ് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ തീരുമാനം പു:നപരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കിയത്.
മത്സരം നടത്താന്‍ സ്‌റ്റേഡിയം അനുവദിക്കുമോയെന്ന് കെ.സി.എ ചോദിച്ചുവെന്നും ആ സമയത്ത് ഫുട്‌ബോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നത് ക്രിക്കറ്റ് അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമായിരുന്നെന്നുമാണ് മോഹനന്‍ പറഞ്ഞിരിക്കുന്നത്.
കെ.സി.എ ക്രിക്കറ്റിനു സ്റ്റേഡിയം അനുവദിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. എന്നാല്‍ ഫുട്ബോളും ക്രിക്കറ്റും ഒന്നിച്ച് നടത്താല്‍ സംവിധാനമുണ്ടെന്നായിരുന്നു അവരുടെ പ്രതികരണം.
“മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി പിച്ച് തയ്യാറാക്കും. അതിനു ശേഷം ഐ.എസ്.എല്‍ അധികൃതരുമായി സംസാരിച്ച ശേഷം ഒരു റീ ഷെഡ്യൂള്‍ തയ്യാറാക്കാമെന്നും സ്റ്റേഡിയത്തിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടാകില്ലെന്നും കെ.സി.എ പറഞ്ഞു.” മോഹനന്‍ മാതൃഭൂമി.കോമിനോട് പ്രതികരിച്ചു.
ഇപ്പോള്‍ ഫുട്ബോള്‍ രംഗത്തുള്ള പല പ്രമുഖരും ചൂണ്ടിക്കാണിക്കുന്നത് ടര്‍ഫ് തിരിച്ച് തയ്യാറാക്കുമ്പോള്‍ വലിയ നഷ്ടം വരുമെന്നാണെന്നും അത് നശിക്കാന്‍ സാധ്യതയുണ്ടെന്നാണെന്നും പറഞ്ഞ മോഹനന്‍ അതുകൊണ്ട് തന്നെ തീരുമാനം പുന:പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാല്‍ കൊച്ചിയില്‍ ടര്‍ഫ് പൊളിക്കേണ്ട പ്രശ്നം വരില്ലെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി.