ഗസയിൽ ഒക്ടോബറിൽ മാത്രം 600ലധികം വ്യോമാക്രമണങ്ങൾ; 2020ന് ശേഷം പശ്ചിമേഷ്യയിൽ നടന്ന മുഴുവൻ ആക്രമണങ്ങളെക്കാൾ കൂടുതൽ
ഗസ: 2020ന് ശേഷം പശ്ചിമേഷ്യയിലെ ഏതൊരു പ്രദേശത്തുമുണ്ടായ വ്യോമാക്രമണത്തേക്കാൾ വലിയ ആക്രമണമാണ് ഗസയിൽ ഒരു മാസത്തിൽ മാത്രം ഉണ്ടായതെന്ന് ഡാറ്റ അനലിറ്റിക്സ് റിപ്പോർട്ട്.
ഗസയിൽ ഇസ്രഈൽ നടത്തുന്ന വ്യോമാക്രമണത്തിന്റെ തോത് കേട്ടുകേൾവിയില്ലാത്തതാണെന്ന് ആംഡ് കോൺഫ്ലിക്ട് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പ്രൊജക്റ്റ് (ആക്ലെഡ്) എക്‌സിൽ പോസ്റ്റ് ചെയ്തു.
ഒക്ടോബറിൽ മാത്രം ഗസയിലെ 50 പ്രദേശങ്ങളിലായി 600ലധികം വ്യോമാക്രമണങ്ങളാണ് ഇസ്രഈൽ നടത്തിയതെന്ന് ആക്ലെഡ് കണ്ടെത്തി.
‘2020ന് ശേഷം പശ്ചിമേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ആക്രമണങ്ങളാണ് ഒരു മാസത്തിൽ ‘വെറും 360 ചതുരശ്ര കി.മീ മാത്രമുള്ള ഗസയിൽ നടത്തിയത്,’ ആക്ലെഡ് അറിയിച്ചു.
ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രഈലി ആക്രമണത്തിൽ 10,300 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ 4000ലധികം കുട്ടികളും ഉൾപ്പെടുന്നു.
ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗസയിൽ ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതമാണ് കൊല്ലപ്പെടുന്നത്.
യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വെടിനിർത്തലിനായി പല തവണ ആവശ്യപ്പെട്ടിരുന്നു. ഗസ മുനമ്പ് കുട്ടികളുടെ കുരുതിക്കളമാകുകയാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
Content Highlight: Gaza suffers most air strikes in a month in Middle East since 2020