Interview | മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല, ആരോടും അവസരം ചോദിച്ചിട്ടുമില്ല | ഗായത്രി അരുണ്‍
Film Interview
Interview | മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല, ആരോടും അവസരം ചോദിച്ചിട്ടുമില്ല | ഗായത്രി അരുണ്‍
കാർത്തിക പെരുംചേരിൽ
Sunday, 8th January 2023, 6:00 pm
നമ്മള്‍ എത്രയൊക്കെ പുരോഗമനം പറയുമ്പോഴും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കും . കേരളത്തിലെ ഏതൊരു പുരുഷനും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു നാടന്‍ പെണ്‍കുട്ടിയെയായിരിക്കും. നമ്മള്‍ നേരത്തെ പറഞ്ഞ 'ഉത്തമയായ ഭാര്യ'യേയാണ് അവര്‍ക്ക് ആവശ്യം. അവിടെ പുരോഗമനമോ മറ്റ് കാര്യങ്ങളോ നോക്കാറില്ല

 

‘എന്നാലും ന്റളിയാ’ ആണല്ലോ ഏറ്റവും പുതിയ വിശേഷം. ചിത്രത്തില്‍ ഗായത്രി ചെയ്ത ലക്ഷ്മി എന്ന കഥാപാത്രം, നമ്മള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള, അല്ലെങ്കില്‍ വളരെ അടുത്ത് പരിചയമുള്ള ഒരു സാധാരണ സ്ത്രീയാണ്. എങ്ങനെയാണ് ഈ കഥാപാത്രത്തിലേക്കും സിനിമയിലേക്കും എത്തിയത്?

വണ്‍ സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ബാഷ് മുഹമ്മദ് എന്നെ വിളിക്കുന്നത്. അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു. അതിനുശേഷം ‘എന്നാലും ന്റളിയാ’ ഡിസ്‌കഷന്‍ വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് എന്നെ നിര്‍ദേശിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍, രണ്ട് കുടുംബങ്ങളാണ് പ്രധാനമായും വരുന്നത്.
അതിലെ സ്ത്രീകളാവട്ടെ രണ്ട് എക്സ്ട്രീമില്‍ നില്‍ക്കുന്നവരാണ്.

ആ ഒരു വ്യത്യാസം കഥാപാത്ര നിര്‍മിതിയിലും കൃതയമായി കാണാന്‍ കഴിയും. തിരക്കഥ വായിക്കുമ്പോള്‍ തന്നെ അത്  മനസിലായിരുന്നു. ലെന അവതരിപ്പിക്കുന്ന കഥാപാത്രം ഭയങ്കര ലൗഡായിട്ടുള്ള ഒരാളാണ്. ഭര്‍ത്താവിനെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന തനി നാടനായൊരു കഥാപാത്രമാണത്.

ഭര്‍ത്താവിനോട് വളരെ പൊളൈറ്റായി ഇഷ്ടത്തോടെ സംസാരിക്കുന്നയാളാണ് എന്റെ കഥാപാത്രം, മലയാളികളുടെ ഭാര്യ സങ്കല്‍പത്തിലുള്ള ഉത്തമയായ ഭാര്യ. വളരെ പാവമായ ഈ കഥാപാത്രം
ഭര്‍ത്താവിനെ മനസിലാക്കി കൂടെ ജീവിക്കുന്ന ഒരാളാണ്. അങ്ങനെ രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് രണ്ടും.

ഭര്‍ത്താവിനെ നന്നായി നോക്കുന്ന എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്ന ഭാര്യ എന്ന ‘ഉത്തമയായ ഭാര്യ’ സങ്കല്‍പത്തെ കുറിച്ച് പറഞ്ഞല്ലോ. താങ്കള്‍ അത്തരത്തിലൊരു ഭാര്യ സങ്കല്‍പത്തില്‍ വിശ്വസിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ ആദ്യം പറഞ്ഞത് സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിക്കേണ്ട ഒരു ആവശ്യവും ഭാര്യക്കില്ല. എന്റെ കാഴ്ചപ്പാടുകള്‍ ‘ഉത്തമ ഭാര്യ’ സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമാണ്.

നമ്മള്‍ എത്രയൊക്കെ പുരോഗമനം പറയുമ്പോഴും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കും . കേരളത്തിലെ ഏതൊരു പുരുഷനും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു നാടന്‍ പെണ്‍കുട്ടിയെയായിരിക്കും. നമ്മള്‍ നേരത്തെ പറഞ്ഞ ‘ഉത്തമയായ ഭാര്യ’യേയാണ് അവര്‍ക്ക് ആവശ്യം. അവിടെ പുരോഗമനമോ മറ്റ് കാര്യങ്ങളോ നോക്കാറില്ല.

പ്രണയത്തില്‍ ജാതിയും മതവുമൊന്നും പാടില്ലെന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍ ഈ സിനിമയിലേക്ക് വരുമ്പോള്‍ അവിടെ നിന്ന് കുറച്ചുകൂടി മുമ്പോട്ട് പോയി പ്രണയത്തിന് നിറവും വംശവും രാജ്യവുമൊന്നും ബാധകമല്ലെന്ന ആശയം പങ്കുവെക്കുന്നുണ്ട്. ഈ സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം യൂണിവേഴ്സല്‍ ലവ് ആണോ?

അതെ. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന തോന്നലുകള്‍ നമുക്ക് ആവശ്യമില്ലെന്ന് സിനിമയില്‍ പലപ്പോഴായി പറയുന്നുണ്ട്. അത് തന്നെയാണ് ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കാതലായ കാര്യവും. പ്രണയത്തെ കുറിച്ച് മാത്രമല്ല സൗഹൃദത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ഇത്തരത്തില്‍ തന്നെയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. ഈ ഒരു ആശയം പങ്കുവെക്കാനായി പ്രണയം ഒരു വിഷയമായി എടുത്തു എന്ന് മാത്രമേയുള്ളു.

സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍, ‘ലവ് ജിഹാദ്’ എന്നായിരുന്നല്ലോ ടൈറ്റില്‍. പിന്നെ എങ്ങനെയാണ് ‘എന്നാലും ന്റളിയാ’ എന്ന പേരിലേക്ക് എത്തിയത് ? ട്രോള്‍ രീതിയിലായിരുന്നോ ആദ്യം അങ്ങനെയൊരു പേര് നല്‍കിയത്?

ശരിക്കും സിനിമയുടെ പേര് മാറ്റിയെന്ന് പറയാന്‍ പറ്റില്ല. പ്രൊമോഷന്റെ ഭാഗമായി വെറുതെ ഇട്ടിരുന്ന പേരായിരുന്നു അത്. അപ്പോഴൊന്നും ആ പേര് സിനിമക്ക് ഇടണമെന്ന് ഉറപ്പിച്ചിരുന്നില്ല. പിന്നീടാണ് ഈ സിനിമ ലിസ്റ്റിന്‍ ഏറ്റെടുക്കുന്നത്. ലിസ്റ്റിനാണ് സിനിമയുടെ പേര് മാറ്റാമെന്ന് പറഞ്ഞത്.

ലവ് ജിഹാദ് എന്ന പേരിനേക്കാളും ‘എന്നാലും ന്റളിയാ’ എന്ന പേരാണ് നല്ലതെന്ന് ലിസ്റ്റിന്‍ പറഞ്ഞു. കാരണം എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും വേഗം മനസിലാകുന്ന പേര് ഇതായിരിക്കും, ഈ സിനിമയുടെ സ്വഭാവത്തിന് നല്ലത് ഈ പേരാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. അങ്ങനെയാണ് ഈ പേര് മാറ്റം സംഭവിക്കുന്നത്.

‘എന്നാലും ന്റളിയാ’ യില്‍ ഉറപ്പായും പറയേണ്ട മറ്റൊരു പേര് സുരാജിന്റെയാണ്. സീരിയസ് കഥാപാത്രങ്ങളിലോ കോമഡി റോളുകളിലോ ആണ് സുരാജിനെ പൊതുവെ കാണാറുള്ളത്. എന്നാല്‍ ഈ സിനിമയിലേക്ക് വരുമ്പോള്‍ റൊമാന്റിക് സുരാജിനെയാണ് നമ്മള്‍ കാണുന്നത്. ആ വ്യത്യസ്ത ഷൂട്ടിങ്ങിലും പ്രകടമായിരുന്നോ?

ലക്ഷ്മിയും ബാലുവും ഹോസ്പിറ്റലില്‍ നിന്നുവരുന്ന, സിനിമയുടെ തുടക്കത്തിലുള്ള രംഗമാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.  എന്നാല്‍ ആദ്യ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി അത്ര വര്‍ക്കൗട്ടായില്ല. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍  അത്ര പരിചയമില്ലായിരുന്നു. അതുകൊണ്ട് തന്നെ അതൊക്കെ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. മാത്രമല്ല, ഇന്റിമേറ്റ് സീനും റൊമാന്റിക് സീനുമൊക്കെ അഭിനയിക്കാന്‍ എനിക്ക് കുറച്ച് മടിയുണ്ട്.

പിന്നീട് ഞാനും സുരാജേട്ടനും റിക്വസ്റ്റ് ചെയ്തിട്ടാണ് ആ സീന്‍ വീണ്ടും ഷൂട്ട് ചെയ്തത്. സിനിമയില്‍ അവരുടെ വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടുണ്ട്. ആദ്യം പ്ലാന്‍ ചെയ്തത് പോലെയാണ് ഷൂട്ട് ചെയ്തിരുന്നതെങ്കില്‍ ആ എട്ട് വര്‍ഷത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാകില്ല.

സുരാജേട്ടന്‍ നമ്മളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യും. ഞാന്‍ എത്രയൊക്കെ സ്വാഭാവികമായി അഭിനയിക്കാന്‍ ശ്രമിച്ചാലും കുറച്ചൊക്കെ ആര്‍ട്ടിഫിഷ്യലാവാറുണ്ട്. അതുകൊണ്ട് തന്നെ അഭിനയിക്കുമ്പോള്‍ എനിക്ക് ചെറിയ ടെന്‍ഷനുണ്ട്. കൂടെ അഭിനയിക്കുന്നതാണെങ്കില്‍ സുരാജേട്ടനെ പോലെയൊരു നടനും.

ഒരു ദിവസം സുരാജേട്ടന്‍ അടുത്ത് വന്ന് ചോദിച്ചു നിന്റെ വീട് എവിടെയാണെന്ന്, ഞാന്‍ പറഞ്ഞു ചേര്‍ത്തലയാണെന്ന്. അദ്ദേഹം ചോദിച്ച ചോദ്യത്തിനൊക്കെ ഞാന്‍ കാഷ്വലായി മറുപടി പറഞ്ഞു. അപ്പോള്‍ സുരാജേട്ടന്‍ പറഞ്ഞു, നീ ഇതുപോലെയങ്ങോട്ട് അഭിനയിച്ചാല്‍ മതിയെന്ന്.

ഏതാണ്ട് അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു സൂപ്പര്‍ ഹിറ്റ് സീരിയലിലെ നായികയായിരുന്നല്ലോ. അതിനുശേഷമാണ് സിനിമയിലേക്ക് വരുന്നതും. പക്ഷെ ആ സീരിയലിന് ശേഷം താങ്കള്‍ ടെലിവിഷന്‍ പരമ്പരകളൊന്നും ചെയ്തില്ല. സീരിയലുകളെ മനപൂര്‍വം ഒഴിവാക്കിയതാണോ?

ആ സീരിയല്‍ കഴിഞ്ഞതിനുശേഷം പിന്നീടിറങ്ങിയ ഒരുപാട് സീരിയലുകളിലേക്ക് എന്നെ വിളിച്ചിരുന്നു. ശരിക്കും ആ സീരിയല്‍ ഞാന്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ ഒരു വര്‍ഷമോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ കാണുകയുള്ളു എന്നാണ് കരുതിയത്. എന്നാല്‍ അത് കുറേ വര്‍ഷം നീണ്ടുപോയി. എനിക്ക് സമയം പോലും കിട്ടാത്തവിധം ഞാന്‍ തിരക്കിലാവുകയും ചെയ്തു.

സീരിയല്‍ ചെയ്യുന്ന സമയത്ത് എന്റെ മകള്‍ വളരെ ചെറുതായിരുന്നു. അവളുടെയൊപ്പം കൃത്യമായി സമയം പോലും ചിലവഴിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് പരസ്പരം സീരിയല്‍ കഴിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം റെസ്റ്റെടുക്കാമെന്ന് കരുതിയത്.

പിന്നീട് ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങി. എനിക്ക് കുറച്ചുകൂടി കംഫര്‍ട്ടബിള്‍ സിനിമയാണ്. അതാകുമ്പോള്‍ ഫ്രീ ടൈം ഒരുപാട് കിട്ടും. എന്റേതായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. എന്റെ എഴുത്ത് പരിപാടികള്‍ക്കെല്ലാം സമയം കിട്ടാറുണ്ട്.

അച്ചപ്പം കഥകള്‍ എന്ന താങ്കളുടെ ചെറുകഥാ സമാഹാരം ചര്‍ച്ചയായിരുന്നല്ലോ. മോഹന്‍ലാല്‍ ആ പുസ്തകം വായിക്കുന്ന ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എഴുത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്‌ ?

ലാലേട്ടനാണ് അച്ചപ്പം കഥകള്‍ പ്രകാശനം ചെയ്യുന്നത്. എനിക്ക് എഴുതാനൊക്കെ അറിയാമെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അറിയാതെ സംഭവിച്ച് പോയൊരു കാര്യമാണത്. അച്ഛന്റെ മരണം  സംഭവിച്ചതടക്കമുള്ള ജീവിതത്തിലെ ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ പുസ്തകമാണത്.

ഞാന്‍ ഇപ്പോള്‍ പറഞ്ഞത് പുസ്തകം എഴുതുന്നതിനെ കുറിച്ചല്ല, തിരക്കഥയെ കുറിച്ചാണ്.
അതൊരു  മിനി സീരീസായിരിക്കും.  പല ഭാഷകളിലായി പുറത്തിറക്കാം എന്നാണ് ഞങ്ങള്‍ ആദ്യം
വിചാരിച്ചിരുന്നത്. പിന്നീട് മലയാളത്തിലേക്ക് മാത്രമായി ചുരുക്കി. ഇതിനുശേഷം ഞാന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മറ്റൊരു പ്രോജക്ടും വരുന്നുണ്ട്. നമുക്ക് ഏതൊക്കെ മേഖലയിലാണ് കഴിവുള്ളതെന്ന് നമ്മള്‍ തന്നെ കണ്ടെത്തണമല്ലോ.

സീരിയലില്‍ നിന്നും സിനിമയിലെത്തുന്നവര്‍ക്ക് നേരെ ഇന്‍ഡസ്ട്രിക്കുള്ളില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പല സീരിയല്‍ താരങ്ങളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ ഗായത്രിക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?

എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ ഇതുവരെ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല, ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെയൊന്നും നേരിടേണ്ടി വരാത്തത്. ഇവിടെ അത്തരത്തിലൊരു മാറ്റിനിര്‍ത്തലുണ്ടോയെന്ന് എനിക്കറിയില്ല. കാരണം ആശ ശരത്തിനെ പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.

ആശ ചേച്ചി സീരിയലില്‍ നിന്നല്ലേ സിനിമയിലേക്ക് വന്നത്. അത് മാത്രമല്ല ഈ സിനിമയില്‍ തന്നെയുള്ള ലെന ചേച്ചിയും സീരിയലില്‍ നിന്നാണ്. ലെനചേച്ചി സിനിമയിലൂടെയാണ് വന്നത്. പിന്നീട് സീരിയലില്‍ അഭിനയിക്കുകയായിരുന്നു. സീരിയലില്‍ നിന്ന് വന്ന ഞാന്‍ ഈ സിനിമയില്‍ ലീഡ് റോളിലാണ് എത്തുന്നത്.

CONTENT HIGHLIGHT: GAYATHRI ARUN INTERVIEW