സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.
പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന്‍ അഭിനയിച്ച് തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക.
മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോള്‍ താന്‍ ഈയിടെ കണ്ട് ഇഷ്ടപ്പെട്ട മലയാള സിനിമ ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
മലയാളത്തില്‍ കിഷ്‌കിന്ധാ കാണ്ഡം, സൂഷ്മദര്‍ശിനി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളൊക്കെ താന്‍ തിയേറ്ററില്‍ പോയി കണ്ടുവെന്നും അതൊക്കെ ഇഷ്ടമായെന്നുമാണ് അദ്ദേഹം പറയുന്നത്. ബസൂക്കയോടൊപ്പം റിലീസ് ചെയ്ത ബേസില്‍ ജോസഫിന്റെ മരണമാസ് സിനിമ തനിക്ക് കാണണമെന്നും ഗൗതം പറയുന്നു.
റൈഫിള്‍ ക്ലബ് സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും എന്നാല്‍ അത് ഒ.ടി.ടിയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തിയേറ്ററില്‍ മിസായ ഒരു സിനിമയാണ് അതെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘എനിക്ക് കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമ ഒരുപാട് ഇഷ്ടമായി. അതുപോലെ സൂഷ്മദര്‍ശിനിയും ഇഷ്ടമായി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കണ്ടിരുന്നു, അതും ഇഷ്ടമായി. ഞാന്‍ ഈ സിനിമകളെല്ലാം തിയേറ്ററില്‍ പോയാണ് കണ്ടത്. എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ബസൂക്കയുടെ കൂടെ രണ്ടുമൂന്ന് സിനിമകള്‍ റിലീസിന് എത്തിയിരുന്നല്ലോ. ബേസിലിന്റെ മരണമാസ് എന്ന സിനിമ റിലീസിന് എത്തിയിട്ടുണ്ട്. ആ സിനിമ എനിക്ക് കാണണം. എന്തൊക്കെയാണ് ചുറ്റും നടക്കുന്നതെന്നും ഏതൊക്കെ സിനിമകള്‍ വരുന്നുവെന്നുമൊക്കെ എനിക്ക് കൃത്യമായി അറിയാം.
ഞാന്‍ അതൊക്കെ ശ്രദ്ധിക്കാറുണ്ട്. ഒട്ടുമിക്ക മലയാള സിനിമകളും ഞാന്‍ കാണാറുമുണ്ട്. റൈഫിള്‍ ക്ലബ് എന്ന സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഞാന്‍ അത് ഒ.ടി.ടിയിലാണ് കണ്ടത്. തിയേറ്ററില്‍ എനിക്ക് മിസായ ഒരു സിനിമയാണ് അത്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content Highlight: Gautham Vasudev Menon Talks About Basil Joseph’s Maranamass Movie