എന്ത് മണ്ടത്തരമാണ് കാണിച്ചുവെച്ചേക്കുന്നത്; ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍താരം
Cricket
എന്ത് മണ്ടത്തരമാണ് കാണിച്ചുവെച്ചേക്കുന്നത്; ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th August 2022, 8:53 pm

 

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് ലഭിച്ച ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്ന ആദ്യ കളിയാണിത്.

മികച്ച ഇലവനെ തന്നെയാണ് മത്സരത്തില്‍ ഇന്ത്യ ഇറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സൂപ്പര്‍താരം റിഷബ് പന്തിനെ ഉള്‍പ്പെടുത്താതത് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് പന്ത്.

വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തിക്കാണ് അദ്ദേഹത്തിന് പകരം ടീമില്‍ ഇടം നേടിയത്. മിഡില്‍ ഓര്‍ഡറിലെ ഏക ലെഫ്റ്റ് ഹാന്‍ഡര്‍ ബാറ്ററാണെന്ന് പോലും മാനിക്കാതെയാണ് അദ്ദേഹത്തിനെ ടീമില്‍ നിന്നും പുറത്താക്കിയത്.

നായകന്‍ രോഹിത് ശര്‍മയുടെയും ഇന്ത്യന്‍ ടീമിന്റെയും ഈ ഡിസിഷനില്‍ ഒട്ടും തൃപ്തനല്ലെന്നാണ് ടീമിന്റെ മുന്‍ സൂപ്പര്‍ ഓപ്പണിങ് ബാറ്ററായിരുന്ന ഗൗതം ഗംഭീര്‍ പറയുന്നത്. കാര്‍ത്തിക്കിനെകാള്‍ എന്തുകൊണ്ടും ഭേദമാണ് പന്ത് എന്നാണ് അദ്ദേഹം പറയുന്നത്.

കാര്‍ത്തിക്കിന് മികച്ച ഐ.പി.എല്‍ സീസണായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ പന്തിന് നല്‍കാന്‍ സാധിക്കുന്ന ഇംപാക്റ്റ് കാര്‍ത്തിക്കിന് ഒരിക്കലും നല്‍കാന്‍ പറ്റില്ലെന്നു ഗംഭീര്‍ പറഞ്ഞു. ടീമില്‍ ആകെയുള്ള രണ്ട് ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാരില്‍ ഒരാളാണ് പന്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മധ്യനിരയിലെ ഒരേയൊരു ഇടംകൈയ്യന്‍ ബാറ്ററായ പന്ത് ടീമിന് ഇംപാക്ട് പ്ലെയറായതിനാല്‍ ഇത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. കാര്‍ത്തിക്കിന് മികച്ച ഐ.പി.എല്‍ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ റിഷബ് അവനെക്കാള്‍ ഒരുപാട് മുന്നിലാണ്, പാകിസ്ഥാനെതിരെ കളിക്കാന്‍ പന്ത് എന്തുകൊണ്ടും യോഗ്യനായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ട് പന്ത് തന്റെ കഴിവ് തെളിയിച്ചിരുന്നു,”ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന്റെ അഭിപ്രായത്തോട് മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ സഞ്ജയ് മഞ്ജരേക്കറും, വസീം ജാഫറും അനുകൂലിച്ചിരുന്നു.

 

 

Content Highlight: Gautam Gambir Slams Indian team for excluding Pant In India vs Pakistan Game