ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയാണ് ഇന്ത്യന്‍ ടീം യു.എ.യില്‍ നിന്ന് മടങ്ങിയത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ടി-20 ലോകക്കപ്പ്് വെല്ലുവിളി തന്നെയാണ്. കഠിനശ്രമം നടത്തി മത്സരത്തില്‍ വിജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
ടി-20 പരമ്പരയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലോകകപ്പിലും ജയിക്കില്ലെന്ന് ഇന്ത്യന്‍ ടീമിലെ മുന്‍നിര താരങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ആരിറങ്ങും എന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ചര്‍ച്ചയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു.
വിരാട് കോഹ്‌ലി സെഞ്ച്വറി നേടുമ്പോള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി രോഹിത്തും രാഹുലും നല്‍കിയ സംഭാവനകളെ കുറിച്ച് നമ്മള്‍ മറക്കാന്‍ പാടില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
‘നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന്? വിരാട് കോഹ്‌ലി കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത്തും രാഹുലും കുറെ കാലമായി ഇവിടെ ചെയ്തതെല്ലാം നമ്മള്‍ മറന്നുതുടങ്ങി. കോഹ്‌ലി ഓപ്പണിങ്ങിന് ഇറങ്ങണമെന്ന് നിങ്ങള്‍ പ്രസ്താവിക്കുമ്പോള്‍ രാഹുലിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചുട്ടുണ്ടോ? അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സങ്കല്‍പിച്ചുനോക്കൂ. എങ്ങാനും ആദ്യ മത്സരത്തില്‍ രാഹുലിന് സ്‌കോര്‍ കുറഞ്ഞുപോയാല്‍ അടുത്ത മത്സരത്തിന് കോഹ്‌ലി ഓപ്പണിങ് നടത്തണോ എന്ന ചര്‍ച്ച ഉയര്‍ന്നുവരും,’ ഗൗതം ഗംഭീര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതാണ്. നിങ്ങളുടെ ഇഷ്ട താരങ്ങളെ മാത്രം മുന്നില്‍ കണ്ട് വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ അത് മറ്റ് കളിക്കാരെ മാനസികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഓര്‍ക്കണം.