Sports News
ശക്തരായ എതിരാളികളുടെ ശക്തമായ ഇലവന്‍, ടീമില്‍ മൂന്ന് പാകിസ്ഥാന്‍ താരങ്ങള്‍; തെരഞ്ഞെടുത്ത് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 21, 08:16 am
Wednesday, 21st August 2024, 1:46 pm

തനിക്കെതിരെ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള വേള്‍ഡ് ഇലവന്‍ തെരഞ്ഞെടുത്ത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, എ. ബി. ഡി വില്ലിയേഴ്‌സ് എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങളെയാണ് ഗംഭീര്‍ തന്റെ വേള്‍ഡ് ഇലവന്റെ ഭാഗമാക്കിയിരിക്കുന്നത്.

ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെയും ലെജന്‍ഡറി ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെയും ഉള്‍പ്പെടുത്താതെയാണ് ഗംഭീര്‍ തന്റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ടീമിന്റെ ക്യാപ്റ്റന്‍ ആരെന്ന് വ്യക്തമാക്കിയില്ലെങ്കിലും ക്യാപ്റ്റനാകാനുള്ള മൂന്ന് താരങ്ങളുടെ പേരും ഗംഭീര്‍ പറഞ്ഞിരുന്നു.

 

സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ ടീം ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് വീതം പാകിസ്ഥാന്‍ താരങ്ങളെയും ഓസ്‌ട്രേലിയന്‍ താരങ്ങളെയും ഗംഭീര്‍ തന്റെ ടീമിന്റെ ഭാഗമാക്കി. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് ടീമുകളില്‍ നിന്നും ഓരോ താരങ്ങളെയും ഇന്ത്യന്‍ പരിശീലകന്‍ തെരഞ്ഞെടുത്തു.

 

ഗംഭീറിന്റെ വേള്‍ഡ് ഇലവന്‍

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ)

മാത്യൂ ഹെയ്ഡന്‍ (ഓസ്‌ട്രേലിയ)

എ.ബി ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക)

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്)

ഇന്‍സമാം ഉള്‍ ഹഖ് – (പാകിസ്ഥാന്‍)

ആന്‍ഡ്രൂ സൈമണ്ട്‌സ് – (ഓസ്‌ട്രേലിയ)

അബ്ദുള്‍ റസാഖ് (പാകിസ്ഥാന്‍)

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

ഷോയ്ബ് അക്തര്‍ (പാകിസ്ഥാന്‍)

മോണി മോര്‍ക്കല്‍ (സൗത്ത് ആഫ്രിക്ക)

 

 

അതേസമയം, പരിശീലകന്റെ റോളില്‍ ഇന്ത്യക്കൊപ്പം ആദ്യ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് ഗംഭീര്‍. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ടി-20 പരമ്പരയിലും ഏകദിന പരമ്പരയിലും മെന്‍ ഇന്‍ ബ്ലൂ ഗംഭീറിന്റെ കുട്ടികളായി കളത്തിലിറങ്ങിയത്.

പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്ത് വിജയിച്ചപ്പോള്‍ ഏകദിന പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെ സീരീസ് അടിയറവ് പറഞ്ഞു.

1997ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ശ്രീലങ്കയോട് പരമ്പരയില്‍ പരാജയപ്പെടുന്നത്.

സെപ്റ്റംബറിലാണ് ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കും.

ഈ പരമ്പരകള്‍ക്കുള്ള ടീം ഒരുക്കുന്നതിനാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. ദുലീപ് ട്രോഫിയിലെ മികച്ച താരങ്ങളാകും പരമ്പരകളില്‍ ടീമിന്റെ ഭാഗമാവുക.

 

Content Highlight: Gautam Gambhir’s World Eleven