Advertisement
Sports News
അവന്‍ മുഹമ്മദ് സിറാജോ ഉമ്രാന്‍ മാലിക്കോ ഒന്നുമല്ല, നിര്‍ഭാഗ്യവശാല്‍ അവന്റെ പക്കല്‍ അതില്ല; അര്‍ഷ്ദീപിനെതിരെ ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 31, 12:56 pm
Tuesday, 31st January 2023, 6:26 pm

ഇന്ത്യന്‍ യുവതാരം അര്‍ഷ്ദീപ് സിങ്ങിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍. അര്‍ഷ്ദീപ് ക്രിക്കറ്റിന്റെ ബേസിക്‌സില്‍ ഉറച്ചുനില്‍ക്കണമെന്നും നോ ബോള്‍ വഴങ്ങാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

അര്‍ഷ്ദീപിന്റെ നോ ബോളുകള്‍ എന്നും ഇന്ത്യക്ക് തലവേദനയാകാറുണ്ട്. ഒരു മത്സരത്തില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന താരം എന്ന സ്വന്തം പേരിലുള്ള മോശം റെക്കോഡ് തിരുത്തിയെഴുതി അര്‍ഷ്ദീപ് വീണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയും അര്‍ഷ്ദീപിന്റെ നോ ബോളുകള്‍ക്ക് കുറവൊന്നും വന്നിട്ടില്ല.

ആദ്യ ടി-20യിലെ അവസാന ഓവറില്‍ അര്‍ഷ്ദീപ് ഒരു നോ ബോള്‍ എറിയുകയും ഡാരില്‍ മിച്ചല്‍ അത് സിക്‌സറിന് തൂക്കുകയും ചെയ്തിരുന്നു. ആ ഓവറില്‍ 27 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നും അവസാന ഓവറില്‍ വഴങ്ങിയ റണ്‍സ് തന്നെയാണ്.

അര്‍ഷ്ദീപിന്റെ ഈ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒട്ടും തന്നെ അംഗീകരിക്കാന്‍ സധിക്കില്ല എന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിക്കിടെയായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.

‘ഈ പ്രകടനം മികച്ചതാണ്, ചിലപ്പോള്‍ ഇതിന് മുകളിലേക്കോ താഴേക്കോ പോവുകയും ചെയ്‌തേക്കാം. എന്നാല്‍ നോ ബോള്‍ എറിയുന്നത് ഒരിക്കലും താങ്ങാന്‍ സാധിക്കില്ല. ഈ ലെവല്‍ ഓഫ് ക്രിക്കറ്റില്‍ ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഇത്തരത്തിലുള്ള നോ ബോളുകള്‍ ടീമിന്റെ വിജയത്തെ തന്നെ ബാധിച്ചേക്കാം.

ഇതുതന്നെയാണ് കഴിഞ്ഞ മത്സരത്തിലും സംഭവിച്ചത്. നിന്റെ ബേസിക്‌സ് എപ്പോഴും ശരിയായി വെക്കുക. സ്വന്തം മണ്ണില്‍ കളിക്കുന്നത് പോലെയല്ല ലോകകപ്പില്‍ കളിക്കുന്നത്, അത് വളരെ വ്യത്യാസമായ ഒന്നാണ്. ഓസ്‌ട്രേലിയയില്‍ പന്ത് സ്വിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ബൗണ്‍സിനും അനുകൂലമായിരുന്നു. എന്നാല്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യം വ്യത്യസ്തമാണ്,’ ഗംഭീര്‍ പറഞ്ഞു.

മറ്റ് പേസര്‍മാര്‍ക്കുള്ളതുപോലെ അത്രത്തോളം വേഗത അര്‍ഷ്ദീപിനില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

‘സ്ലോ ബോളോ സ്ലോവര്‍ ബൗണ്‍സറോ ഏതുമാകട്ടെ നിങ്ങളുടെ പക്കല്‍ വ്യത്യസ്തമായ ഒരു ആയുധം എപ്പോഴുമുണ്ടായിരിക്കണം. അത് ബൗളിങ്ങിലെ വേരിയേഷന്‍സുമാകാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബാറ്ററെ പേടിപ്പിക്കാന്‍ പോന്ന വേഗത അവന്റെ പക്കലില്ല. അതുകൊണ്ടുതന്നെ ബൗളിങ്ങില്‍ അവന്‍ വേരിയേഷന്‍സ് കൊണ്ടുവരണം.

അവന്‍ ഉമ്രാന്‍ മാലിക്കോ മുഹമ്മദ് സിറാജോ ഒന്നുമല്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ സിംപിളായി ചെയ്യുക എന്നതാണ് അവന്‍ ചെയ്യേണ്ടത്. നോ ബോള്‍ എറിയാതിരിക്കലും അതുപോലെ പ്രധാനമാണ്,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Gautam Gambhir about Arshdeep Singh