national news
ഗാന്ധി വധം എല്ലാവര്‍ക്കും അറിയുന്ന കാര്യം; വീണ്ടും വീണ്ടും പഠിപ്പിക്കേണ്ടതില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 12, 02:33 am
Wednesday, 12th March 2025, 8:03 am

ന്യൂദല്‍ഹി: ഗാന്ധി വധം വീണ്ടും വീണ്ടും പഠിപ്പിക്കേണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഗാന്ധി എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അത് പിന്നെയും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ഗാന്ധി വധം സിലബസില്‍ നിന്നും ഒഴിവാക്കിയെന്നാണ് ആരോപണമെന്നും 2005ലാണ് ഇത് സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്നും അതെന്തിനാണ് ചെയ്തതെന്ന് ആലോചിച്ചാല്‍ മനസിലാവുന്ന കാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഗാന്ധി എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അതിനെ വീണ്ടും പഠന വിഷയമാക്കുന്നത് ശരിയാണോയെന്നും ചോദിച്ച ധര്‍മേന്ദ്ര പ്രധാന്‍ ഗാന്ധി വധത്തിന് പിന്നില്‍ ബ്രഹ്‌മണരാണെന്നാണ് പറയുന്നതെന്നും ബ്രാഹ്‌മണര്‍ മാത്രമായിരുന്നോ അതിന് പിന്നില്‍ ഉണ്ടായിരുന്നതെന്നും മന്ത്രി ചോദിച്ചു.

ഇത്തരത്തില്‍ ബ്രാഹ്‌മണ വിഭാഗത്തിനെ മാത്രം അവഹേളിക്കുന്നത് ശരിയാണോയെന്നും ചോദിച്ച വിദ്യാഭ്യാസ മന്ത്രി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭരിക്കുന്ന ഗവണ്‍മെന്റിനും എതിരായ ഒരു കാര്യവും സിലബസില്‍ ഉണ്ടാകില്ലെന്നും പറഞ്ഞു.

അതേസമയം ഹിന്ദി കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തില്ലെന്നും പറയുകയുണ്ടായി. എന്നാല്‍ എന്‍.ഇ.പിക്കെതിരായ തമിഴ്‌നാടിന്റെ നിലപാടിനെതിരെയും ധര്‍മേന്ദ്ര പ്രധാന്‍ വിമര്‍ശനമുന്നയിച്ചു.

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നിലപാട് അപരിഷ്‌കൃതമാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭാഷാ തടസങ്ങള്‍ സൃഷ്ടിക്കുകയാണ് അവരുടെ ജോലിയെന്നും ജനാധിപത്യവിരുദ്ധമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Gandhi’s assassination is something everyone knows; no need to teach it again and again: Union Education Minister