Film News
ബെലേരിയോണ്‍ മുതല്‍ ആര്യ സ്റ്റാര്‍ക്കിന്റെ കഠാര വരെ; ഹൗസ് ഓഫ് ദി ഡ്രാഗണിലെ ഗെയിം ഓഫ് ത്രോണ്‍സ് റഫറന്‍സുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 28, 01:40 pm
Sunday, 28th August 2022, 7:10 pm

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസായ ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ ആദ്യ എപ്പിസോഡ് സ്ട്രീം ചെയ്തപ്പോള്‍ തന്നെ റെക്കോഡ് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ വെസ്റ്റെറോസിലെ വിവിധ ഹൗസുകള്‍ തമ്മിലുള്ള യുദ്ധമാണെങ്കില്‍ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ടാര്‍ഗേറിയന്‍സ് തമ്മിലുള്ള യുദ്ധം തന്നെയാണ് കാണിക്കുന്നത്.

ഗെയിം ഓഫ് ത്രോണ്‍സിന്റെ ചില റഫറന്‍സുകള്‍ ഹൗസ് ഓഫ് ദി ഡ്രാഗണിലും കടന്നുവരുന്നുണ്ട്. റെനൈറ ടാര്‍ഗേറിയന്റേയും അവളുടെ ഡ്രാഗണായ സിറാക്‌സിന്റെയും ഇന്‍ട്രോ സീനില്‍ സിറാക്‌സ് ഒരു വലിയ കെട്ടിടകത്തിന് മുന്നില്‍ പറന്നിറങ്ങുന്നുണ്ട്.

ഈ കെട്ടിടം ഡ്രാഗണുകള്‍ക്ക് വേണ്ടി പണിത ഡ്രാഗണ്‍ പിറ്റാണ്. ഹൗസ് ഓഫ് ഡ്രാഗണില്‍ കാണിക്കുന്ന കാര്യങ്ങള്‍ക്കും 80 വര്‍ഷങ്ങള്‍ക്ക് മുമ്പേ പണിതതാണ് ഈ ഡ്രാഗണ്‍ പിറ്റ്. ഇത് പിന്നെ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ് ഗെയിം ഓഫ് ത്രോണ്‍സില്‍ കാണിക്കുന്നത്. വൈറ്റ് വാക്കേഴ്സിനെ ഒരുമിച്ച് നേരിടാനായി സേഴ്സിയും ജോണ്‍ സ്നോയും ഡിനേരിസുമെല്ലാം ഈ തകര്‍ന്ന ഡ്രാഗണ്‍ പിറ്റില്‍ വെച്ചാണ് തീരുമാനമെടുക്കുന്നത്.

ഇതിന് ശേഷം റെനൈറയും സന്തതസഹചാരിയായ ആലിസണ്‍ ഹൈടവറും നടന്നുവരുന്ന സ്ഥലമാണ് പിന്നീട് സേഴ്സി പെയ്ന്റടിച്ചിരിക്കുന്നത്. മരണത്തിന് മുമ്പ് സെഴ്‌സിയും ജെയ്മിയും അവസാനമായി കണ്ടുമുട്ടുന്നതും ഇവിടെ വെച്ച് തന്നെയാണ്.

ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ആദ്യഎപ്പിസോഡിന്റെ അവസാനം കിങ് വിസേരിസും റെനൈറയും ബെലേരിയോണ്‍ എന്ന ഡ്രാഗണിന്റെ ഭീമന്‍ തലയോട്ടിയുടെ മുമ്പില്‍ നിന്ന് സംസാരിക്കുന്നുണ്ട്. വെസ്റ്ററോസ് പിടിച്ചടക്കിയ ഏഗോണ്‍ ടാര്‍ഗേറിയന്റെ ഡ്രാഗണാണ് ബെലേരിയോണ്‍. ഇതേ തലയോട്ടി ഗെയിം ഓഫ് ത്രോണ്‍സിന്റെ പല ഭാഗത്തും കാണിക്കുന്നുണ്ട്.

വിസേരിസിന്റെയും റെനൈറയുടെ സംസാരത്തിനിടയില്‍ അദ്ദേഹം ഒരു കഠാര റെനൈറക്ക് നല്‍കുന്നുണ്ട്. ഗെയിം ഓഫ് ത്രോണ്‍സില്‍ ആര്യ സ്റ്റാര്‍ക്ക് നൈറ്റ് കിങ്ങിനെ കൊല്ലുന്നത് ഈ കഠാര ഉപയോഗിച്ചാണ്. നൈറ്റ് കിങ്ങിന്റെ വരവ് മുന്നേ തന്നെ അറിയാവുന്ന ടാര്‍ഗേറിയന്‍സ് തലമുറ തലമുറയായി കൈമാറി വരുന്ന കഠാരയാണിത്.

ഗെയിം ഓഫ് ത്രോണ്‍സ് കണ്ടവര്‍ക്ക് ആ ലോകത്തേക്ക് വീണ്ടും ഒരിക്കല്‍ കൂടി തിരിച്ചുപോകാനുള്ള നിരവധി ഓര്‍മകളാണ് ഇത്തരത്തില്‍ ഹൗസ് ഓഫ് ഡ്രാഗണ്‍ നല്‍കുന്നത്.

Content Highlight: Game of Thrones references in House of the Dragon