ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുകയാണ് തമിഴ്‌നാട്. മുമ്പ് കേരളം സമാനതകളില്ലാത്ത പ്രളയ ദുരിതത്തില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി തമിഴ്‌നാട് എത്തിയിരുന്നു. ഇപ്പോള്‍ പ്രകൃതി ദുരന്തം നാശം വിതച്ച തമിഴ്‌നാടിന് സഹായവുമായി എത്തിയിരിക്കുകയാണ് കേരളം, കുടെ നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും.
ദുരന്തസ്ഥലത്ത് നേരിട്ടെത്തി തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യുകയാണ് സന്തോഷ് ഇപ്പോള്‍. നാഗപട്ടണം, തഞ്ചാവൂര്, വേളാന്കണ്ണി, നാഗൂര്‍, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദര്‍ശിച്ചാണ് പണ്ഡിറ്റ് സഹായങ്ങള്‍ എത്തിക്കുന്നത്.
ഇപ്പോഴും പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.നാഗപട്ടണത്തെ ഉള്‍ഗ്രാമങ്ങളില് എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും ഭൂരിഭാഗം പാവപ്പെട്ടവരുടെ കുടിലുകളും കൃഷിയും കന്നുകാലികളേയും “ഗജ” യിലൂടെ നഷ്ടപ്പെട്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അറിയിക്കാനും സന്തോഷ് അഭ്യര്‍ത്ഥിക്കുന്നുണ്ട്
പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നല്‍കിയ തമിഴ്‌നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം പറഞ്ഞിരുന്നു.
തമിഴ്‌നാടിന് കഴിഞ്ഞ ദിവസം 10 കോടി രൂപയുടെ സഹായം കേരളം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ കെ.എസ്.ഇ.ബി സഹായവും ഒരു കോടി രൂപയുടെ മരുന്നുകളും കേരളത്തില്‍ നിന്ന് എത്തിച്ചിരുന്നു.
DoolNews Video