'മത്സരിക്കാന്‍ എനിക്ക് ആര്‍ത്തിയില്ല'; തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ ജി. സുധാകരന്‍
Kerala News
'മത്സരിക്കാന്‍ എനിക്ക് ആര്‍ത്തിയില്ല'; തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 8:01 am

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും സജീവമാകുകയാണ്. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മന്ത്രി ജി സുധാകരന്റെ പ്രതികരണം. മത്സരത്തിനോട് തനിക്ക് ആര്‍ത്തിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാര്‍ട്ടി തീരുമാനിക്കും മത്സരിക്കണോ വേണ്ടയോ എന്ന്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷെ അതിനോടെനിക്ക് ആര്‍ത്തിയൊന്നുമില്ല. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടുമില്ല,’ സുധാകരന്‍ പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ ഉജ്ജ്വല വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയതെന്നും ജി സുധകാരന്‍ പറഞ്ഞു.

‘എന്റെ മണ്ഡലത്തില്‍ മുഴുവന്‍ ജയിച്ചു. അഞ്ച് പഞ്ചായത്തും ജയിച്ചു. ബ്ലോക്കില്‍ 13ല്‍ 12ഉം ജയിച്ചു. മുന്‍സിലിപാലിറ്റിയില്‍ എന്റെ മണ്ഡലത്തിലുള്ള 27 വാര്‍ഡാണ്. അവിടെ 20 എണ്ണവും ജയിച്ചു,’ സുധാകരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള റിവ്യൂ കമ്മിറ്റി മാത്രമേ കൂടിയിട്ടുള്ളു. മറ്റു ചര്‍ച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളിലേക്കും മുന്നൊരുക്കങ്ങളിലേക്കും കടക്കുന്നേയുള്ളുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയമൊന്നും ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തില്‍ പ്രതികരണവുമായും സുധാകരന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ മാഫിയ സംഘമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

വി ഫോര്‍ കൊച്ചി സംഘടന നിയമ വിരുദ്ധമാണെന്നും സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധിയെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: G. Sudhakaran response on contesting in the coming election