തിരുവനന്തപുരം: റോഡിന്റെ അറ്റകുറ്റ പണി കൃത്യസമയത്ത് തീര്‍ക്കാത്ത കരാറുകാരനെതിരെ പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പൊലീസില്‍ പരാതി നല്‍കി. റോഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ നടപടി.
മംഗലപുരം- കരമന റോഡിന്റെ പണി ഏറ്റെടുത്ത റിവൈവ് കമ്പനിയിലെ കരാറുകാരനെതിരെയാണ് മന്ത്രി ജി സുധാകരന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കഴക്കൂട്ടം മുതല്‍ വെട്ടുറോഡു വരെയുള്ള രണ്ടുകിലോമീറ്റര്‍ ഭാഗത്തെ കുണ്ടുംകുഴിയും നികത്താത്തതാണ് മന്ത്രി കരാറുകാരനെതിരെ നിയമനടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.
അറ്റകുറ്റ പണി നടത്താന്‍ അനുവദിച്ച സമയത്തില്‍ നിന്ന് ഏഴുമാസം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതേത്തുടര്‍ന്ന് റിവൈവ് കരാര്‍ കമ്പനിയിലെ ടി നസറുദ്ദീനെതിരെ സിവില്‍, ക്രിമിനല്‍ കേസെടുക്കണമെന്നാണ് മന്ത്രി പരാതി നല്‍കിയത്.
റോഡിന്റെ ശോചനീയാവസ്ഥ പരിശോധിക്കാന്‍ മന്ത്രി സ്ഥലത്തെത്തുകയായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റോഡ് പരിശോധിച്ച മന്ത്രി കരാറുകാരന്റെ നടപടിയില്‍ ഒട്ടും സംതൃപ്തനായിരുന്നില്ല. സ്ഥലത്ത് നിന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്ക് പോയ മന്ത്രി കരാറുകാരനെതിരെ അഴിമതിക്കുറ്റത്തിന് കേസ് നല്‍കുകയായിരുന്നു.
മംഗലാപുരം – കരമന റോഡില്‍ 22 കിലോമീറ്റര്‍ അറ്റകുറ്റപ്പണിക്കും ടാറിങിനുമായി 23 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.