കൊച്ചി: വൈറ്റില പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്ത വീ ഫോര്‍ കേരള അംഗങ്ങള്‍ക്കെതിരെയും പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും ഉദ്ഘാടന വേദിയില്‍ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
‘വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയര്‍മാര്‍? അത്തരത്തില്‍ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാര്‍” -എന്നായിരുന്നു മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത്.
അവര്‍ക്ക് മുഖമില്ല. നാണമില്ല. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. ഭീരുക്കളെപ്പോലെ ഒളിച്ചോടുകയാണ്. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.
അവര്‍ നിങ്ങളുടെ തലയ്ക്ക് മീതേ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ നടക്കില്ല. ജനങ്ങള്‍ അവരെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ പിന്തിരിയണമെന്നാണ് പറയാനുള്ളത്.
‘ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ന് പറയുന്നവര്‍ ഞങ്ങള്‍ കൊച്ചിക്ക് വേണ്ടിയെന്ന് തെറ്റായി പേരിട്ട് നടക്കുകയാണ്. മൂന്നാലുപേര്‍ പറയുകയാണ് വിഫോര്‍ കൊച്ചിയെന്ന്. ഞങ്ങള്‍ എല്ലാം ആഫ്രിക്കക്ക് വേണ്ടിയാണോ? അവര്‍ നാല് പേരാണ്. നാണവും മാനവും ഉണ്ടോ അവര്‍ക്ക്.’ ജി സുധാകരന്‍ ചോദിച്ചു.
ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ അവര്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും ചില മാധ്യമങ്ങളില്‍ പാലം പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ വെച്ചു താമസിപ്പിക്കുന്നു എന്ന് ആക്ഷേപം ഉയര്‍ന്നെന്നും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ നാടിന്റെ ശത്രുക്കളാണെന്നും സുധാകരന്‍ പറഞ്ഞു.
ഇത്തരക്കാര്‍ നിര്‍മ്മാണ വേലയുടെ വിരോധികളാണ്. പാലാരിവട്ടം പോലെ ഈ പാലവും അപകടത്തിലാകണമെന്ന് ആഗ്രഹിക്കുന്ന വഞ്ചകരാണ് ഇക്കൂട്ടര്‍. ഒരു സര്‍ക്കാരിനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും വേറെ ജില്ലകളിലൊന്നും ഇത്തരത്തിലില്ലെന്നും മന്ത്രി പറഞ്ഞു.
പാലം പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകിക്കുകയായിരുന്നെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. പാലം പണി പൂര്‍ത്തിയായാല്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ഒന്ന് പാലം പണി പൂര്‍ത്തിയായി എന്നുള്ളത്. ഇത് വെറും കടലാസില്‍ എഴുതി തന്നാല്‍ പോരാ. സര്‍ട്ടിഫൈഡ് ചെയ്ത് തരണം.
പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കമ്മീഷന്‍ ചെയ്യാന്‍ യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഈ രണ്ടു സര്‍ട്ടിഫിക്കറ്റും ലഭിക്കാതെ ഒരു പാലവും 2015 ന് ശേഷം ഉദ്ഘാടനം ചെയ്തിട്ടില്ല.
കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് തന്നത് ജനുവരി അഞ്ചിനാണ്. ദേശീയ പാത അതോറിറ്റി വിഭാഗം പാലം ഒമ്പതാം തീയതി ഉദ്ഘാടനം ചെയ്യാമെന്ന് കാണിച്ച് എട്ടാം തീയതിയാണ് സര്‍ട്ടിഫിക്കറ്റ് തന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക