ഫുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി; പൊതുതെരഞ്ഞെടുപ്പ് ആദ്യ വെല്ലുവിളി
World News
ഫുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി; പൊതുതെരഞ്ഞെടുപ്പ് ആദ്യ വെല്ലുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2021, 5:31 pm

ടോക്കിയോ: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങി ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവ് ഫുമിയോ കിഷിദ. ഒരു വര്‍ഷത്തെ ഭരണത്തിന് ശേഷം നിലവിലെ പ്രധാനമന്ത്രി യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് കിഷിദ പാര്‍ട്ടി സാരഥി സ്ഥാനവും ഭരണവും ഏറ്റെടുക്കുന്നത്.

മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ ഫുമിയോ കിഷിദ താരതമ്യേന കൂടുതല്‍ ജനപ്രിയനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി ടരോ കൊനോയെ പിന്തള്ളിയാണ് അധികാരത്തിലെത്തുന്നത്. ഈ വരുന്ന തിങ്കളാഴ്ച പാര്‍ലമെന്റില്‍ വെച്ച് അദ്ദേഹം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും.

പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് കിഷിദ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. കിഷിദയ്ക്ക് 257 വോട്ടുകളാണ് ലഭിച്ചത്.

കഴിഞ്ഞ തവണയും കിഷിദ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ യൊഷിഹിദെ സുഗയാണ് അന്ന് അധികാരത്തിലെത്തിയത്.

വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം കിഷിദയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ടോകിയോ ഒളിംപിക്‌സ് നടത്താന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയുടെ ജനസ്വീകാര്യതയില്‍ വലിയ ഇടിവ് വരുത്തിയിരുന്നു.

കൊവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തിക്കൊണ്ടു വരിക, ഉത്തര കൊറിയ ജപ്പാന് മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക എന്നതും പുതിയ പ്രധാനമന്ത്രിയുടെ ഭരണവൈഭവത്തെ പരീക്ഷിക്കുന്ന കാര്യങ്ങളായിരിക്കും.

”ആളുകള്‍ പറയുന്നത് ചെവിക്കൊള്ളുക എന്നതിലാണ് എന്റെ കഴിവ്. ജപ്പാന്റെ നല്ല ഭാവിക്ക് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്ട്,” പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷം കിഷിദ പ്രതികരിച്ചു.

കൊവിഡിനെ നേരിട്ട രീതിയെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും ജനപ്രീതിയില്‍ വന്ന ഇടിവുമാണ് ഒരു വര്‍ഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിയാന്‍ യൊഷിഹിദെ സുഗയെ പ്രേരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fumio Kishida to become Japan’s next prime minister