എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു; സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച പുനരാരംഭിക്കും
Daily News
എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു; സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച പുനരാരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2015, 1:08 pm

hungerപൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരെ നിരാഹാര സമരം നടത്തിവന്നിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച തങ്ങളുടെ സമരം അവസാനിപ്പിക്കുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയില്‍ നിന്നും കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മുംബൈയിലെ ഫിലിം ഡിവിഷനിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചു കൊണ്ടുള്ളതാണ് ജോയിന്റ് സെക്രട്ടറിയുടെ കത്ത്. മന്ത്രാലയം ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ നിരാഹാരസമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതടക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ 108 ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ പതിനെട്ട് ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ റിലേ നിരാഹാര സത്യാഗ്രത്തിലായിരുന്നു.