ഡിസംബര്‍ ആറ്. സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധി വധത്തിന് ശേഷം രണ്ടാമതും ഫാസിസം കൊടിനാട്ടിയ ദിവസം. ഇന്ത്യന്‍ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത ദിനം.
ഇന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകള്‍ക്കും ദര്‍ഗങ്ങള്‍ക്കും മേല്‍ അവകാശം ഉന്നയിച്ച് അവയുടെ അടിവേരുകള്‍ പിഴുതെടുക്കുന്ന തീവ്ര ഹിന്ദുത്വവാദികള്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബി.ആര്‍. അംബേദ്ക്കറെയുമാണ്. അബേദ്ക്കറുടെ ചരമവാര്‍ഷികം കൂടിയായ ഡിസംബര്‍ ആറ് ഓര്‍മിക്കപ്പെടുന്നത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം കൂടിയെന്നാണ്.
2019ല്‍ ഇന്ത്യന്‍ ജുഡീഷ്യറി ഒരു നിര്‍ണായക വിധി പുറപ്പെടുവിക്കുകയുണ്ടായി. ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയില്‍ നിന്ന് ക്ഷേത്രത്തിന്റേതായ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് തെളിവുകളില്ലെന്ന്.
എന്നാല്‍ ബാബരിയുടെ അവകാശം ഹിന്ദു വിഭാഗത്തിന് കോടതി വിട്ടുകൊടുക്കുകയും ചെയ്തു. 1991ലെ ആരാധനാ നിയമത്തില്‍ ഊന്നിയതായിരുന്നു വിധി. 1947 ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യയിലെ ആരാധനാലയങ്ങള്‍ എങ്ങനെയായിരുന്നുവോ തല്‍സ്ഥിതി തുടരണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് നിയമം.
എന്നാല്‍ ബാബരി ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന് കരുതിയിരുന്ന പരമോന്നത നീതിപീഠത്തിനും നിയമവ്യവസ്ഥകള്‍ക്കും തെറ്റി. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ അയോധ്യ ക്ഷേത്രം പണിതിട്ടും രാമനെ പ്രതിഷ്ഠിച്ചിട്ടും ഹിന്ദുത്വ വാദികളുടെ വിദ്വേഷം ഇനിയും അടങ്ങിയിട്ടില്ല.
ഇപ്പോളും മുസ്‌ലിങ്ങളുടെ പള്ളികള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങളായ ദര്‍ഗകള്‍ക്കും മേല്‍ അവകാശം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ വാദികള്‍. ബാബരിയില്‍ തുടങ്ങിയത് ദല്‍ഹി ജുമാ മസ്ജിദില്‍ അവസാനിച്ച് നില്‍ക്കുമ്പോള്‍, അത് ഒരു അവസാനമല്ലെന്ന് ഇന്ത്യയിലെ ഏതൊരു ജനാധിപത്യ വാദിക്കും മനസിലാകുന്നതാണ്.
പള്ളികള്‍ക്ക് കീഴെ തൃക്കണ്ണും ത്രിശൂലവും തിരയുന്നവര്‍ വീണ്ടും വീണ്ടും ഇന്ത്യന്‍ ഭരണഘടനയെ കുളം കുത്തി മൂടുകയാണ്. അതിനുള്ള ഉദാഹരണങ്ങള്‍…..
ഗ്യാന്‍വാപി മസ്ജിദ്
ബാബരിക്ക് ശേഷം ഹിന്ദുത്വവാദികള്‍ക്ക് ആവര്‍ത്തിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കാന്‍ പ്രചോദനം നല്‍കിയത് ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവാണ്. വാരണാസിയില്‍ മുഗള്‍ ഭരണകാലത്ത് അതായത് 17 നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട മസ്ജിദാണ് ഗ്യാന്‍വാപി.
ഗ്യാന്‍വാപി
മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അഞ്ച് സ്ത്രീകളാണ് ഗ്യാന്‍വാപിക്കെതിരെ ഹരജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് 2023ല്‍, സമ്മര്‍ദം മൂലമാണ് താന്‍ ഹരജി നല്‍കിയതെന്ന് അറിയിച്ച് മുഖ്യഹരജിക്കാരിയായ സ്ത്രീ നിയമനടപടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നാലെ മുന്‍ ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കി.
ഗ്യാന്‍വാപി മസ്ജിദില്‍ അടഞ്ഞുകിടക്കുന്ന എല്ലാ ബേസ്‌മെന്റുകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സനാതന്‍ സംഘ് സ്ഥാപക അംഗമായ രാഖി സിങ് വിശ്വ വേദ വാരാണസി ജില്ലാ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇതേ കാരണം കാണിച്ച് മസ്ജിദിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന സ്ഥലത്ത് ഹിന്ദു വിഭാഗം സര്‍വേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ സര്‍വേക്ക് അനുമതി നല്‍കിയ കോടതി ഉത്തരവ് മറ്റൊരു തുടക്കം കൂടിയായിരുന്നു. 91ലെ നിയമം നിലനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ്.
ഈദ്ഗാഹ് മസ്ജിദ്
മഥുരയില്‍ 1670ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔരംഗസേബ് നിര്‍മിച്ച ഈദ്ഗാഹ് മസ്ജിദും ഹിന്ദുത്വവാദികള്‍ വെറുതെവിട്ടില്ല. മസ്ജിദ് നിര്‍മിച്ച ഭൂമിയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും അതിനാല്‍ മസ്ജിദ് തകര്‍ത്ത് 13 ഏക്കറിലധികം ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമയ്ക്കായി നല്‍കണമെന്നുമാണ് ഹിന്ദുത്വവാദികളുടെ വാദം.
ഈദ്ഗാഹ് മസ്ജിദ്
ഹരജി പരിഗണിച്ച യു.പിയിലെ അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
എന്നാല്‍ ഇതുവരെ ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേകള്‍ നടന്നിട്ടില്ല. മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വിവിധ കോടതികളിലായി പരിഗണനയിലുണ്ട്. ഈദ്ഗാഹിലും അവസാനിച്ചില്ല.
സംഭാല്‍ ഷാഹി മസ്ജിദ്
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഉത്തര്‍പ്രദേശിലെ സംഭാലില്‍ സ്ഥിതി ചെയ്യുന്ന ഷാഹി മസ്ജിദിലും ഹിന്ദുത്വവാദികള്‍ അവകാശം ഉന്നയിച്ചു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നാണ് സംഘപരിവാറിന്റെ വാദം. ഹരജി പരിഗണിച്ച സംഭാല്‍ കോടതി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കി.
സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭാലിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ തത്സമയം തന്നെ കൊല്ലപ്പെട്ടിരുന്നു.
സംഭാല്‍ ഷാഹി മസ്ജിദ്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ സംസ്ഥാന അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിന്റെ ഗര്‍വ് കാണിക്കുമ്പോള്‍ തുടരുന്നത് ഫാസിസം തന്നെയാണ്.
അജ്മീര്‍
സൂഫിസത്തിന്റെയും സാംസ്‌കാരികതയുടെയും കേന്ദ്രമായ അജ്മീറിലും ഹിന്ദുത്വവാദികള്‍ അവകാശം ഉന്നയിച്ചു.
സൂഫി നേതാവായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശമം കൊള്ളുന്ന അജ്മീരിലെ ശവകുടീരത്തിന് കീഴെ ശിവക്ഷേത്രമുണ്ടെന്നാണ് ഹിന്ദുത്വവാദികളുടെ വാദം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷനായ വിഷ്ണു ഗുപ്തയാണ് അജ്മീറില്‍ ഹരജി നല്‍കിയത്.
അജ്മീര്‍
അജ്മീര്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും, അത് പിന്നീട് ഒരു ചരിത്ര കാലഘട്ടത്തില്‍ മുസ്‌ലിം ആരാധനാലയമാക്കി മാറ്റിയെന്നാണ് മഹാറാണ പ്രതാപ് സേന അവകാശപ്പെടുന്നത്.
ഇതിനെ സാധൂകരിക്കുന്ന ചരിത്ര ഗ്രന്ഥങ്ങളും പുരാവസ്തു കണ്ടെത്തലുകളും തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇവരുടെ അവകാശ വാദം.
രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പള്ളിയാണ് ശംസി ഷാഹി മസ്ജിദ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളി കൂടിയാണ് ശംസി ഷാഹി. ഒരേസമയം 23,500 ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ കഴിയുന്ന മസ്ജിദാണ് ശംസി ഷാഹി മസ്ജിദ്.
ശംസി ഷാഹി മസ്ജിദ്
നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതുവെന്നാണ് ശംസി ഷാഹിയ്ക്ക് മേലുള്ള ഹിന്ദുത്വവാദികളുടെ വാദം. 2022ല്‍ ഫയല്‍ ചെയ്ത ഹരജി രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചര്‍ച്ചയാകുന്നത്.
ദല്‍ഹി ജുമാ മസ്ജിദ്
അവസാനം ദല്‍ഹി ജുമാ മസ്ജിദിലും പുരാവസതു വകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന രംഗത്തെത്തി. ദല്‍ഹിയിലെ ജുമാ മസ്ജിദില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിഷ്ണു ഗുപ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജനറലിന് കത്തയച്ചിരിക്കുകയാണ്.
ദല്‍ഹി ജുമാ മസ്ജിദ്
മസ്ജിദിന്റെ നിര്‍മാണത്തിന് പിന്നിലുള്ള വാസ്തവമെന്തെന്ന് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ നിലവില്‍ മസ്ജിദ് ഉള്‍പ്പെടുന്ന സ്ഥലത്ത് പരിശോധന വേണമെന്നുമാണ് പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ നിയമവ്യവഹാരത്തില്‍ ഉള്‍പ്പെടാത്ത കേന്ദ്രങ്ങളിലും സംഘപരിവാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. താജ്മഹല്‍, ചാര്‍മിനാര്‍ അടക്കം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Content Highlight: From Babri to Delhi Juma Masjid; Uncontainable Hindutwa Ways