ഹോമിയോപ്പതി ശാസ്ത്രീയമാണോ അല്ലയോ എന്നതു സംബന്ധിച്ചുള്ള സംവാദങ്ങള്‍ കേസിലേക്ക്. ഹോമിയോപ്പതിയ്ക്ക് ശാസ്ത്രീയതയില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ബോധവത്കരണം നടത്തിയ ഫ്രീ തിങ്കേഴ്‌സ് ഫോറത്തിനെതിരെ ഹോമിയോപ്പതി ഡോക്ടറായ രതീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ ഫ്രീതിങ്കേഴ്‌സ് ഫോറം പ്രവര്‍ത്തകരെ വിളിപ്പിച്ച് പൊലീസ് വിശദീകരണം തേടി. ഫറോക്ക് പൊലീസിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
എന്‍ട്രന്‍സ് പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ മെഡിക്കല്‍ സ്റ്റുഡന്‍സിനെ ലക്ഷ്യമിട്ട് ഫ്രീതിങ്കേഴ്‌സ് ഫോറം നടത്തിയ ബോധവത്കരണമാണ് പരാതിക്ക് ആധാരം. “ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞു എന്നതിന്റെ പേരില്‍ ഒരാളും ഹോമിയോപതി എന്ന കപടശാസ്ത്രത്തിനു ചേരാതിരിക്കുക” എന്ന ഉപദേശത്തോടെയുള്ള കുറിപ്പ് വിതരണം ചെയ്തതിന്റെ പേരിലാണ് പരാതി. ഹോമിയോപ്പതി അശാസ്ത്രീയമാണ് എന്നു പറയാനുള്ള കാരണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളോടെയായിരുന്നു ഫ്രീ തിങ്കേഴ്‌സ് ഫോറം ബോധവത്കരണം നടത്തിയത്.
ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്തതാണ് ഹോമിയോപ്പതിയെന്ന എന്ന ചികിത്സാ സംവിധാനമെന്നും അത്തരമൊരു ചികിത്സാരീതിയെക്കുറിച്ച് പഠിച്ച് കുട്ടികള്‍ സ്വയം വിഡ്ഢികളാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണം നടത്തിയതെന്നും അത് വ്യക്തിപരമായി ആരെയും ലക്ഷ്യമിട്ടല്ലെന്നും ഫ്രീതിങ്കേഴ്‌സ് ഫോറം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഒരു കോഴ്‌സിനെതിരെ, ചികിത്സാരീതിക്കെതിരെ ഇത്തരം പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് പരാതി നല്‍കാന്‍ കാരണമെന്ന് പരാതിക്കാരനായ രതീഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“സര്‍ക്കാര്‍ അംഗീകരിച്ച കോഴ്‌സാണ് ഹോമിയോ. സര്‍ക്കാര്‍ കോളജുകളും ഡിസ്‌പെന്‍സറികളും നടത്തുന്നുണ്ട്. അങ്ങനെയിരിക്കെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഇത്തരം പ്രചരണം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്” അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം ഇതിനെക്കുറിച്ച് വ്യക്തമായി അറിയാത്തതുകൊണ്ടാണ് അവര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളും മറ്റും സ്ഥാപിക്കുന്നതെന്നാണ് ഫ്രീതിങ്കേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി എം.ബി.ബി.എസ് കിട്ടാതെ ഹോമിയോപ്പതി തെരഞ്ഞെടുക്കുന്ന കുട്ടികള്‍ സ്വയം വിഡ്ഢിയാവുകയും മറ്റുള്ളവരെ വിഡ്ഢിയാക്കുകയുമാണ് ചെയ്യുന്നത്. അവരുടെ വിലപ്പെട്ട ജീവിതം നഷ്ടപെടാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചരണം നടത്തിയതെന്നും ഫ്രീതിങ്കേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“ഭരണഘടനാ പ്രകാരമുള്ള കടമയാണ് ശാസ്ത്രബോധം വളര്‍ത്തുകയെന്നത്. അതാണ് ഞങ്ങള്‍ നിര്‍വഹിച്ചത്. എതെങ്കിലുമൊരു വ്യക്തിയെ ലക്ഷ്യമിട്ടല്ല ഇത്തരമൊരു പ്രചരണം നടത്തിയത്. ഹോമിയോക്ക് എതിരെ ഒരുപാട് വേദികളില്‍ സംവാദങ്ങള്‍ വന്നിട്ടുണ്ട്. ലേഖനങ്ങള്‍ വന്നിട്ടുണ്ട. അതിന്റെ ഒരു ഭാഗം മാത്രമാണിത്. ” അവര്‍ വ്യക്തമാക്കി.
ഹോമിയോപ്പതി ശാസ്ത്രീയമല്ല എന്ന വാദം കാര്യകാരണ സഹിതം വിശദീകരിച്ചാണ് ഫ്രീതിങ്കേഴ്‌സ് ഫോറം കുറിപ്പ് പുറത്തിറക്കിയത്.
ഹോമിയോയുടെ അടിസ്ഥാന നിയമമായ സമം സമേന ശാന്തി എന്ന അനുമാനം തെറ്റാണെന്നും ഹോമിയോപ്പതി മരുന്നുകള്‍ കഴിച്ച് രോഗശാന്തി വരുന്നത് പ്ലാസിബോ ഇഫക്ട് കാരണമാണെന്നും കുറിപ്പില്‍ വിശദീകരിച്ചിരുന്നു.
“ഹോമിയോയുടെ അടിസ്ഥാന നിയമമായ സമം സമേന ശാന്തി എന്ന അനുമാനം തെറ്റാണ്. അത്തരം ഒരു നിയമം പ്രകൃതിയില്‍ ഇല്ല. ഹോമിയോ പ്രകാരം രോഗം എന്നത് ഭൗതിക പ്രതിഭാസമല്ല. രോഗം എന്നത് അവയവങ്ങളെ ബാധിക്കുന്ന ഒരു ഭൗതികാവസ്ഥയാണെന്ന് ഹോമിയോ അംഗീകരിക്കുന്നില്ല. അടിസ്ഥാന ശാസ്ത്രത്തിനു എതിരാണ് ഈ നിഗമനം. ” ഫ്രീ തിങ്കേഴ്‌സ് ഫോറം പുറത്തുവിട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത് ഭൗതികമായല്ല എന്ന ഹോമിയോപ്പതി വാദത്തെയും ഫ്രീതിങ്കേഴ്‌സ് ഫോറം ചോദ്യം ചെയ്തിരുന്നു.
“മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത് ഭൗതികമായല്ല അവയില്‍ ഒളിഞ്ഞിരിക്കുന്ന സ്പിരിച്വല്‍ പവര്‍ കൊണ്ടാണ് എന്നാണ് ഹോമിയോ അനുമാനം. മരുന്നില്‍ ഒളിഞ്ഞിരിക്കുന്ന സ്പിരിച്വല്‍ പവറിനെ പുറത്തുകൊണ്ടുവരാന്‍ അതിനെ കുലുക്കുകയോ അരയ്ക്കുകയോ ചെയ്യണം. ഈ നേര്‍പ്പിച്ച മരുന്നുകള്‍ക്ക് ഒരു പ്രഭാവലയം ഉണ്ടെന്നു സാമുവല്‍ ഹാനിമാന്‍ വിശ്വസിച്ചു. അതു കാരണം മരുന്ന് മണപ്പിച്ചാല്‍ തന്നെ രോഗം മാറും എന്ന അബദ്ധ ധാരണയിലേക്ക് ഹോമിയോപ്പതി പോയി.” കുറിപ്പില്‍ പറയുന്നു.
ഹോമിയോപ്പതിമരുന്ന് നിര്‍മ്മിക്കാന്‍ ഹാനിമാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലെ അശാസ്ത്രീയതയും ഫ്രീതിങ്കേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു. സാമുവല്‍ ഹാനിമാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ മരുന്നുകളെ അനന്തമായി നേര്‍പ്പിച്ചാല്‍ അവാഗാഡ്രോ നിയമപ്രകാരം അതില്‍ മരുന്നിന്റെ ഒരു തന്മാത്ര പോലുമുണ്ടാവില്ല എന്ന വസ്തുത വെച്ചാണ് ഇവര്‍ ഇക്കാര്യം വിശദീകരിച്ചത്.
എന്നാല്‍ ഹോമിയോപ്പതിയുടെ ശാസ്ത്രീയത സംബന്ധിച്ച് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഗവേഷണം നടത്തി തെളിയിക്കുകയാണ് വേണ്ടതെന്നാണ് ഡോ. രതീഷ്‌കുമാര്‍ പറയുന്നത്.
“സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഗവേഷണം നടത്തട്ടെ. ഇന്നലെവരെ കണ്ടുപിടിക്കാത്ത ഒരു സാധനം നാളെ കണ്ടുപിടിക്കില്ല എന്നു നമുക്ക് പറയാന്‍ പറ്റുമോ. മരുന്നുകൊടുത്തിട്ടാണ് ചികിത്സിക്കുന്നത്. അല്ലാതെ മന്ത്രവാദം നടത്തിയിട്ടല്ല. മരുന്നുകൊടുത്തിട്ട് നമുക്ക് മാറ്റാന്‍ പറ്റുന്നുണ്ടെങ്കില്‍ അതിലെന്തോ ഇല്ലേ?. ആറുമാസം പ്രായമുള്ള കുട്ടിക്ക് എന്തെങ്കിലും അസുഖം വന്നിട്ട് മരുന്ന് കൊടുത്ത് അസുഖം മാറുന്നുണ്ട്. ആ കുട്ടിയ്ക്ക് ഇത് മരുന്നാണെന്നോ ഒന്നും അറിയില്ലല്ലോ. അപ്പോള്‍ അത് പ്ലാസിബോ എഫക്ടാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.” ഡോ. രതീഷ്‌കുമാര്‍ വ്യക്തമാക്കി.
ഫ്രീതിങ്കേഴ്‌സ് ഫോറത്തിന്റെ ഭാഗമായ രണ്ട് മൂന്ന് അലോപ്പതി ഡോക്ടര്‍മാരാണ് ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലെന്നും ഡോ. രതീഷ് ആരോപിക്കുന്നു.
“ഇതൊരു ഹിഡണ്‍ അജണ്ടയായി വെച്ചുകൊണ്ട് അവര്‍ ഈ ഗ്രൂപ്പില്‍പ്പെട്ട കുറേപ്പേരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ചില അലോപ്പതി ഡോക്ടര്‍മാര്‍ ഈ പറയുന്ന സംഘകളുടെയൊക്കെ തലപ്പത്ത് വരിക, അല്ലെങ്കില്‍ അവയെ നയിക്കുന്ന അവസ്ഥ വന്നപ്പോഴാണ് ഹോമിയോപ്പതിയ്‌ക്കെതിരെ പ്രചരണം വരുന്നത്. ഐ.എം.എയിലെ ചില ആള്‍ക്കാരും, ചില അലോപ്പതി ഡോക്ടര്‍മാരും ഹോമിയോപ്പതിയോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി യുക്തിവാദികളെ ഉപയോഗിക്കുകയാണ്. ” ഡോക്ടര്‍ പറയുന്നു.
“ഒരു മരുന്ന് ഇഫ്ക്ടുണ്ടോയെന്ന് പറയുന്നത് ആ മരുന്ന് ഉപയോഗിച്ച ഫലം നോക്കിയിട്ടാണ്. അതിനു റിസര്‍ട്ടുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് നോക്കേണ്ടത് ഗവേഷണം നടത്തിയിട്ടാണ്. അത് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടാണ് ചെയ്യേണ്ടത്. എന്നാല്‍ അതിനുപകരം ഈ കോഴ്‌സ് പഠിക്കരുത് എന്ന് പറഞ്ഞ് കുട്ടികളെ വിലക്കുന്നത് അനധികൃതമായ കാര്യമാണ്. ഇതിനെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്.” അദ്ദേഹം വ്യക്തമാക്കി.
പരാതി പരിശോധിച്ച പൊലീസ് ഫ്രീ തിങ്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും വിളിപ്പിച്ചിരുന്നു. ഫ്രീ തിങ്കേഴ്‌സ് ഫോറത്തിന്റെ പ്രതിനിധിയായി ഹരീഷ് കുമാര്‍ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
പ്ലാസിബോ ഇഫക്ട്: ഒരു മരുന്ന് അല്ലെങ്കില്‍ ചികിത്സ സൃഷ്ടിക്കുന്ന ഗുണപരമായ പ്രഭാവം. അത് ഒരിക്കലും മരുന്നിന്റെ ഗുണം കൊണ്ടല്ല മറിച്ച് ആ ചികിത്സയിലുള്ള രോഗിയുടെ വിശ്വാസം കൊണ്ടുള്ളത്.