മുംബൈ: ഒരു വ്യക്തിയുടെ അവകാശം ലംഘിക്കാന്‍ മാധ്യമസ്വാതന്ത്ര്യം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന് പ്രത്യേക പരിരക്ഷ ലഭിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ വാഹിദ് അലി ഖാനെതിരെയുള്ള കേസിലാണ് ഹൈക്കോടതി ഈ കാര്യം വ്യക്തമാക്കിയത്. ബിസിനസുകാരനെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ലേഖനങ്ങളും വീഡിയോകളും നീക്കം ചെയ്യാനും വാഹിദ് അലി ഖാനോട് കോടതി ആവശ്യപ്പെട്ടു.
ദുബായിലെ ഖാന്‍ജന്‍ തക്കര്‍ എന്ന സ്വര്‍ണ്ണ വ്യാപാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചില സോഷ്യല്‍ മീഡിയ ലേഖനങ്ങളും വീഡിയോകളും ഖാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് നീക്കം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. ഇവ പ്രഥമദൃഷ്ട്യാല്‍ തന്നെ അപകീര്‍ത്തികരമാണെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ വാഹിദ് അലി ഖാന്‍ സ്വര്‍ണ്ണ വ്യാപാരിയായ തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലേഖനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചു എന്നാണ് ഖാന്‍ജന്‍ തക്കര്‍ തന്റെ പരാതിയില്‍ പറയുന്നത്.
ഒപ്പം മാധ്യമപ്രവര്‍ത്തകനെതിരെ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും നഷ്ടപരിഹാരമായി 100 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യവസായിക്ക് എതിരെയുള്ള തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ വാഹിദ് അലി ഖാന്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് ദാംഗ്രെ ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായ അവകാശമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് വാഹിദ് അലി ഖാന്‍ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഒപ്പം ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പൊതുതാത്പ്പര്യത്തില്‍ വരുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത് തന്റെ കക്ഷിയുടെ മൗലിക കടമയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിലൂടെ ഒരു വ്യക്തിയുടെ അവകാശം ലംഘിക്കാന്‍ സാധിക്കില്ലെന്നും ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന് പ്രത്യേക പരിരക്ഷ ലഭിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥനാണെങ്കിലും വാദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഡിജിറ്റല്‍ യുഗത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Content Highlight: Freedom Of Press Should Not Be Used To Violate Rights Of An Individual