Kerala
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 16, 10:17 am
Thursday, 16th January 2014, 3:47 pm

[]തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെന്ററായ ഐ.സി.എഫ.്ഒ.എസ്.എസിന്റെ ഡയറക്ടര്‍ സതീഷ് ബാബുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി ക്ലിഫ്ഹൗസില്‍  നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്കിയത്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ മേഖലകളില്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അതിനു തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അന്ധര്‍ക്കുവേണ്ടിയും ഭാഷയുടെ പുരോഗതിക്കുവേണ്ടിയും മറ്റും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടി.

സോഫ്റ്റ്‌വെയറിന്റെ ഉപയോഗം, വികസനം, വിതരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചാരണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ എല്ലാ ഉപയോക്താക്കള്‍ക്കും നിയന്ത്രണം ലഭിക്കുകയും അതു വികസിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച ശേഷമാണ് സ്റ്റാള്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 2010 സെപ്തംബറില്‍ കോഴിക്കോട്  നടത്തിയ പ്രഭാഷണത്തിന്റെ  പൂര്‍ണരൂപം വായിക്കാം