Advertisement
World News
മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 30, 03:34 am
Monday, 30th December 2024, 9:04 am

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. ജോര്‍ജിയയിലെ പ്ലെയിന്‍സിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സ്‌കിന്‍ ക്യാന്‍സര്‍ അഥവാ മെലനോമ ബാധിച്ച് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.

അര്‍ബുദം കരളിലേക്കും മസ്തിഷ്‌കത്തിലേക്കും ബാധിച്ച് ഗുരുതര അവസ്ഥയിലായിരുന്നു. ഇന്ത്യ സന്ദര്‍ശിച്ച മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം.

ചാര്‍ട്ടര്‍ സെന്ററാണ് മരണ വാര്‍ത്ത് പുറത്തുവിട്ടത്. ‘എനിക്ക് മാത്രമല്ല, സമാധാനത്തിലും മനുഷ്യാവകാശങ്ങളിലും നിസ്വാര്‍ത്ഥ സ്‌നേഹത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നു,’ മകന്‍ ചിപ്പ് കാര്‍ട്ടര്‍ പറഞ്ഞു.

ആദ്യകാലങ്ങളില്‍ നിലക്കടല കര്‍ഷകനായ അദ്ദേഹം യു.എസ് നേവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002ല്‍, ലോകമെമ്പാടും ജനാധിപത്യമൂല്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

യു.എസ് വിദേശനയത്തിന്റെ ഭാഗമായി കാര്‍ട്ടര്‍ ഈജിപ്തും ഇസ്രഈലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെക്കുന്നതിന് നേതൃത്വം നല്‍കി. ഈ
സമാധാന ഉടമ്പടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1977ല്‍ അദ്ദേഹം എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചു.

അദ്ദേഹത്തിന്റെ പ്രസിഡന്റായതിന് തൊട്ടുപിന്നാലെ, കാര്‍ട്ടറും ഭാര്യ റോസാലിനും ചേര്‍ന്ന് കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചു. അന്താരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കുകയും പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന സംഘടനയാണത്.

Content Highlight: Former US President Jimmy Carter dies