Advertisement
national news
'ബ്രിട്ടീഷുകാരെ സഹായിച്ച റാസ്‌കല്‍'; പെരിയാര്‍ ബ്രിട്ടീഷ് ഏജന്റെന്ന അധിക്ഷേപവുമായി വീണ്ടും കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 09, 02:38 am
Friday, 9th October 2020, 8:08 am

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ത്തി സുപ്രീം കോടതി  മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു.  പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ കൂടിയായ കട്ജു ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

”ബ്രിട്ടീഷ് ഏജന്റും, വഞ്ചകനുമായ പെരിയാര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഈ ‘റാസ്‌കല്‍’ ആഗസ്ത് 15 കരിദിനമായി പ്രഖ്യാപിച്ചത്”, എന്നായിരുന്നു കട്ജു ഫേസ്ബുക്കില്‍ എഴുതിയത്.

ഇതാദ്യമായല്ല കട്ജു പെരിയാറിനെ ആക്ഷേപിക്കുന്നത്. 2018ലും പെരിയാറിനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങളുമായി കട്ജു രംഗത്തെത്തിയിരുന്നു. ”ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് പയറ്റിയതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഇതിനോടൊപ്പം തന്നെ ജാതി അടിസ്ഥാനമാക്കിയുള്ള വിഭജനത്തിനും അവര്‍ ശ്രമിച്ചിരുന്നു. നിങ്ങളൊരു ബ്രാഹ്മണനെയും പാമ്പിനെയും ആദ്യം കണ്ടാല്‍ ബ്രാഹ്മണനെ ആദ്യം കൊല്ലണം തുടങ്ങിയ പ്രസ്താവനകളിലൂടെ ജാതി അധിഷ്ഠിതമായ വിഭജനമുണ്ടാക്കി പെരിയാര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു.

ഈ പ്രസ്താവന പെരിയാറിന്റെതല്ല എന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അന്ന് തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ക്ക് നേരെ നിരവധി അക്രമങ്ങള്‍ നടന്നിരുന്നുവെന്നും കട്ജു പറയുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിഷേധിക്കാത്ത കട്ജു ബ്രാഹ്മണര്‍ക്കെതിരെ വിദ്വേഷം ഉണ്ടാക്കുന്നതല്ല അതിന് പരിഹാരം എന്നും 2018ല്‍ പറഞ്ഞിരുന്നു.

കട്ജുവിന്റെ പെരിയാറിനെതിരെയുള്ള പുതിയ പ്രസ്താവനയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്നതില്‍ ഉറച്ചു നില്‍ക്കുമെന്നും അത് നിങ്ങളുടെ താത്പര്യം സംരക്ഷിക്കുമോ എന്ന് എനിക്ക് അറിയേണ്ടതില്ലെന്നും പറഞ്ഞ് കട്ജു രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ക്കുനേരെ വ്യാപകമായി ആക്രമണം നടന്നിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭ പ്രസ്ഥാനത്തിന്റെ  മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് പെരിയാര്‍.

സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയാര്‍ വൈക്കം സത്യാഗ്രഹത്തിനും പിന്തുണ നല്‍കിയിരുന്നു.

1937 ല്‍ വിടുതലൈ എന്ന ദിനപത്രത്തിലും പകുത്തറിവ് എന്ന വാരികയിലും എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. ഉത്തരേന്ത്യന്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും പെരിയാര്‍ ശക്തമായി പോരാടിയിരുന്നു.

കോണ്‍ഗ്രസിലെ ബ്രാഹ്മണ മേധാവിത്വം ചോദ്യം ചെയ്താണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. സൗത്ത് ഇന്ത്യന്‍ ലിബറേഷന്‍ ഫെഡറേഷന്‍ എന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Supreme Court judge Markandey Katju calls periyar a traitor and rascal