ആ സംഭവത്തിന് ശേഷം റൊണാൾഡോ എന്നോട് സംസാരിച്ചിട്ടില്ല: മുൻ പോർച്ചുഗീസ് കോച്ച്
Football
ആ സംഭവത്തിന് ശേഷം റൊണാൾഡോ എന്നോട് സംസാരിച്ചിട്ടില്ല: മുൻ പോർച്ചുഗീസ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 10:08 am

2022 ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അന്നത്തെ പോര്‍ച്ചുഗല്‍ പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ സാന്റോസ് ബെഞ്ചിൽ ഇരുത്തിയത്. ഈ സംഭവത്തിന് ശേഷം റൊണാള്‍ഡോയുമായുള്ള എങ്ങനെയായിരുന്നുവെന്ന് ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ മുന്‍ പോര്‍ച്ചുഗീസ് പരിശീലകന്റെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 2022 ലോകകപ്പിന് ശേഷം റൊണാള്‍ഡോ പിന്നീട് താനുമായി സംസാരിച്ചിട്ടില്ലെന്നാണ് സാന്റോസ് പറഞ്ഞത്. എ ബോലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഖത്തര്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡോ പിന്നെ എന്നോട് സംസാരിച്ചിട്ടില്ല. മത്സരമുള്ള ദിവസം രാവിലെ അവന്‍ പോകാതെ നിന്നപ്പോള്‍ എന്തുകൊണ്ടാണ് പോവാത്തത് എന്നുള്ള കാരണം വിശദീകരിക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അവനുമായുള്ള ബന്ധം ഒരു മകനെ പോലെയാണ്. ഓരോ തവണ ഫോണ്‍ റിങ്ങ് ചെയ്യുമ്പോളും അവനാണെന്ന് ഞാന്‍ കരുതും,’ സാന്റോസ് എ ബോലയോട് പറഞ്ഞു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ സ്വിസര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതെ സാന്റോസ് ബെഞ്ചില്‍ ഇരുത്തിയത്. ആ മത്സരത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയവുമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

എന്നാല്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍താരത്തെ കോച്ച് കളത്തില്‍ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒടുവില്‍ മൊറോക്കോയോട് 1-0ത്തിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റൊണാള്‍ഡോ. റൊണാള്‍ഡോ തന്റെ 39ാംവയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

 

Content Highlight: Former Portugal Coach Talks About Cristaino Ronaldo