World News
മയക്കുമരുന്ന് വിരുദ്ധ നടപടികള്‍ക്കിടെ ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തി; മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 10:10 am
Tuesday, 11th March 2025, 3:40 pm

മനില: മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് പ്രകാരം മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെയെ അറസ്റ്റ് ചെയ്തു. ഇന്ന് (ചൊവ്വാഴ്ച)യാണ് റോഡ്രിഗോയെ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ഹോങ്കോങ്ങില്‍ നിന്നും തിരിച്ചുവരികയായിരുന്നു റോഡ്രിഗോയെന്നും പിന്നാലെയായിരുന്നു അറസ്റ്റെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റ് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിജ്ഞാപനം പ്രോസിക്യൂട്ടര്‍ ജനറലിന് നല്‍കിയതായും അദ്ദേഹം ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്‍ പ്രസിഡന്റായിരുന്ന റോഡ്രിഗോ തന്റെ ഭരണ കാലയളവില്‍ മയക്കുമരുന്നിനെതിരായി നടപടികള്‍ സ്വീകരിച്ചിരുന്നു. മയക്കുമരുന്നിനെതിരായ മാരകയുദ്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ നടപടികളെ ആളുകള്‍ വിളിച്ചിരുന്നത്.

എന്നാല്‍ ഈ നടപടിയുടെ ഭാഗമായി നടത്തിയ കൊലപാതകങ്ങളെ തുടര്‍ന്നാണ് നിലവില്‍ അദ്ദേഹം അറസ്റ്റിലായത്. ഇവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നും കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കാണിച്ചാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റിന് ഉത്തരവിട്ടത്.

കേസില്‍ ഐ.സി.സി അന്വേഷണം നടത്തിവരികയാണ്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും നിരവധി വര്‍ഷങ്ങളിലായി നടന്ന കൊലപാതകങ്ങളിലാണ് അന്വേഷണം നടക്കുന്നതെന്നും കോടതിയുടെ അറസ്റ്റ് വാറണ്ടില്‍ പറയുന്നു.

അതേസമയം നീതിക്ക് വേണ്ടിയുള്ള കാലങ്ങളായ പോരാട്ടമാണിതെന്നും അതിനായി കാത്തിരുന്ന ദിവസമാണിതെന്നും, മയക്കുമരുന്ന് വിരുദ്ധ നടപടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയ യുവാവിന്റെ ബന്ധു പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ നീതി നടപ്പിലാക്കുന്നുവെന്ന് കരുതുന്നതായും കുറ്റകൃത്യത്തിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കണമെന്നും ശിക്ഷിക്കണമെന്നും ബന്ധു ആവശ്യപ്പെട്ടു.

മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പൊലീസും രാജ്യത്തിന്റെ പിന്തുണയുള്ള ജാഗ്രതാ സംഘങ്ങളും സംശയിക്കപ്പെടുന്നവരെയെല്ലാം ലക്ഷ്യം വച്ചിരുന്നുവെന്ന് പറയുന്നു. ഇത്തരത്തില്‍ ഡ്യുട്ടേര്‍ട്ടിന്റെ ആറ് വര്‍ഷത്തെ ഭരണകാലത്ത് സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം വധശിക്ഷയ്ക്ക് വിധിച്ച് 12,000-ത്തിലധികം പേരെ കൊലപ്പെടുത്തിയെന്നും പറയുന്നു.

Content Highlight: Former Philippine president arrested over thousands killed in anti-drug crackdown