സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു
Kerala News
സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2021, 10:40 am

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം.മുകുന്ദന്‍ ആണ് ആത്മഹത്യ ചെയ്തത്.

ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഗുരുതരമായ വായ്പാ തട്ടിപ്പ് നടന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി.ഉത്തരവിട്ടുണ്ട്. ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്താണ് അന്വേഷിക്കുക.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാറാണ് കണ്ടെത്തിയത്. വായ്പാ തട്ടിപ്പ് ഗുരുതരമാണെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.

100 കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സി.പി.ഐ.എം. നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് നേരത്തെ കേസെടുത്തിരുന്നത്.

ഫോട്ടോ കടപ്പാട് :  ഏഷ്യാനെറ്റ് ന്യൂസ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Former panchayat member committed suicide after receiving notice from Karuvannur bank