DSport
ഓസ്‌ട്രേലിയക്ക് 5-0ന് ഇന്ത്യയെ തോല്‍പിക്കാന്‍ അത് മാത്രമേ വഴിയുള്ളൂ; റിക്കി പോണ്ടിങ്ങിനെതിരെ പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 16, 10:59 am
Friday, 16th August 2024, 4:29 pm

വളരെയധികം പാക്ഡ് ആയ ക്രിക്കറ്റ് കലണ്ടറിലേക്കാണ് ഇന്ത്യ കാലെടുത്തുവെക്കാന്‍ ഒരുങ്ങുന്നത്. ഇനിയുള്ള നാല് മാസത്തില്‍ അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. അതില്‍ മൂന്നും ടെസ്റ്റ് പരമ്പരകളുമാണ്.

ബംഗ്ലാദേശിനെതിരെയും ന്യൂസിലാന്‍ഡിനുമെതിരെയാണ് ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ളത്. ഇരു ടീമുകളും ഇന്ത്യന്‍ മണ്ണില്‍ പര്യടനം നടത്തും.

സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുമ്പോള്‍ ഒക്ടോബര്‍ 16നാണ് കിവികള്‍ക്കെതിരായ പരമ്പരക്ക് കളമൊരുങ്ങുന്നത്.

 

ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് പറക്കും. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുക.

2016 മുതലിങ്ങോട്ട് ഇന്ത്യയാണ് പരമ്പര സ്വന്തമാക്കുന്നത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമായാലും ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനമായാലും വിജയം എല്ലായ്‌പ്പോഴും ഇന്ത്യക്കൊപ്പം തന്നെ നിന്നു.

എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയ 3-1ന് പരമ്പര സ്വന്തമാക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഇതിഹാസ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടിരുന്നു. പോണ്ടിങ്ങിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി.

വിരാടും രോഹിത്തും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഓസീസിന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്നാണ് ബാസിത് അലി പറഞ്ഞത്.

‘ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയ 3-1ന് ജയിക്കുമെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞിരിക്കുന്നത്. അദ്ദേഹം മൈന്‍ഡ് ഗെയിമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യക്തമായി തന്നെ അറിയാം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇന്ത്യ വിജയിച്ചിരുന്നു. അപ്പോഴെന്ന പോലെ ഇപ്പോഴും വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല.

എനിക്ക് ഓസ്‌ട്രേലിയന്‍ ടീമിനെ നന്നായി അറിയാം. വലിയ പ്രസ്താവനകള്‍ നടത്തുന്ന ശീലം ഇവര്‍ക്കുണ്ട്. വിരാട് (കോഹ്‌ലി), രോഹിത് (ശര്‍മ), യശസ്വി (ജെയ്‌സ്വാള്‍), (ജസ്പ്രീത്) ബുംറ, (മുഹമ്മദ്) ഷമി, (മുഹമ്മദ്) സിറാജ് എന്നിവരില്ലാതെ ഇന്ത്യ യാത്ര ചെയ്താല്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ 5-0ന് തോല്‍പ്പിക്കാനാകും,’ ബാസിത് പറഞ്ഞു.

അതേസമയം, കാലങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറിയിരിക്കുകയാണ്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ രണ്ട് പരമ്പരകള്‍ കളിക്കുമ്പോള്‍ ഒറ്റ ടെസ്റ്റ് പരമ്പര പോലും ഓസ്‌ട്രേലിയ കളിക്കുന്നില്ല. വിവിധ ടീമുകള്‍ക്കെതിരെ ഏകദിന, ടി-20 പരമ്പരകളാണ് ബി.ജി.ടിക്ക് മുമ്പ് ഓസ്ട്രേലിയക്ക് കളിക്കാനുള്ളത്.

 

Content highlight: Former Pakistan star Basith Ali about Border-Gavaskar Trophy