കോഴിക്കോട്: മുസ്‌ലീം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് വേദിയിലെത്തിയത് വിവാദമാകുന്നു. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.
പരിപാടിയില്‍ കെ.എന്‍.എ ഖാദറിനെ ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.എ ഖാദര്‍ ചുവര്‍ ശില്‍പ്പം അനാച്ഛാദനം ചെയ്തു.
ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്ന് കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പരിപാടിയില്‍ രണ്‍ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, ആര്‍.എസ്.എസ് വേദിയിലെത്തിയ കെ.എന്‍.എ ഖാദറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.