2010 സെപ്തംബര്‍ മുതല്‍ 2018 വരെ അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണാണ് ചോര്‍ത്തിയത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് അരുണ്‍ മിശ്ര. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള നിരവധി വിവാദ കേസുകള്‍ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയിരുന്നു.
സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകന്‍ ആല്‍ജോ ജോസഫിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമമായ ‘ദ വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍.
അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പിമാരെ ബുധനാഴ്ച സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചര്‍ച്ച ആവശ്യപ്പെട്ടു നടുത്തളത്തില്‍ ഇറങ്ങിയ 6 തൃണമൂല്‍ എം.പിമാരെയാണ് രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
വിഷയത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച രംഗത്തെത്തിയിരുന്നു.
”പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുകയും പാര്‍ലമെന്റ് സമ്മേളനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ വിഷയം അന്വേഷിക്കണം. പെഗാസസ് ചോര്‍ത്തല്‍ കേസിന്റെ വസ്തുതകള്‍ കണ്ടെത്താന്‍ ആരാണ് ചാരപ്രവര്‍ത്തനം നടത്തിയതെന്നും അന്വേഷിക്കണം,” മാധ്യമങ്ങളോട് സംസാരിച്ച ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ സ്ഥാപക മേധാവി ജിതന്‍ റാം മാഞ്ചി പറഞ്ഞു.