കൊച്ചി: സിനിമയില്‍ സഹ സംവിധായകനകാനൊരുങ്ങി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. സത്യന്‍ അന്തിക്കാടിന്റെ സഹ സംവിധായകനായാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിക്കുന്നത്.
ജയറാമും മീരാ ജാസ്മിനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ ഒരാളാണ് ഋഷിരാജ് സിംഗ്. സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ ഓരോ ഷോട്ടിനെ കുറിച്ചും തന്റെ പേപ്പറില്‍ എഴുതിവെക്കുന്ന ഒരു തുടക്കകാരനാവുകയാണ് മുന്‍ ജയില്‍ ഡി.ജി.പി കൂടിയായ ഋഷിരാജ് സിംഗ്.
സര്‍വീസില്‍ നിന്നും വിരമിച്ചതോടെ സിനിമ ഗൗരവമായി പഠിക്കാനുള്ള സമയം കിട്ടിയെന്നും നടന്‍ ശ്രീനിവാസനാണ് സത്യന്‍ അന്തികാടിനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഈയിടെയാണ് ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ നിന്ന് കേരളത്തിലെത്തി തുടങ്ങിയ പൊലീസ് ജീവിതമാണ് സിംഗിന്റേത്. വിരമിക്കുന്നതിന് ശേഷം കേരളത്തില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.