അവന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇതിഹാസങ്ങളിലൊരാളാവും; പാക് നായകനെ പ്രശംസകൊണ്ടുമൂടി ഹര്‍ഭജന്‍
Sports News
അവന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇതിഹാസങ്ങളിലൊരാളാവും; പാക് നായകനെ പ്രശംസകൊണ്ടുമൂടി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th April 2022, 1:20 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് അതിന്റെ മികച്ച കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനവും പരമ്പര വിജയങ്ങളുമായി മുന്നോട്ട് തന്നെയാണ് പാക് പട കുതിക്കുന്നത്.

പാകിസ്ഥാന്റെ നേട്ടത്തിന് പിന്നില്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ പങ്ക് ചില്ലറയല്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എല്ലാത്തിലുമുപരി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിലും ബാബര്‍ പാകിസ്ഥാന്റെ നെടുംതൂണാണ്.

ഇപ്പോഴിതാ, പാക് സൂപ്പര്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും എ.എ.പി എം.പിയുമായ ഹര്‍ഭജന്‍ സിംഗ്. ബാബര്‍ ക്രിക്കറ്റിലെ ഇതിഹാസമായിത്തീരും എന്നാണ് ഭാജി പറയുന്ന്ത്.

സ്‌പോര്‍ട്‌സ് കീഡയോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘അവന്‍ ഫാബ് 4ല്‍ (Fab 4) എത്തുമോ എന്നതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയണമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഫാബ് 4ല്‍ ആരൊക്കെ എത്തുമെന്ന് പോലും ഇപ്പോള്‍ പറയാനാകില്ല. എന്നിരുന്നാലും ബാബര്‍ അസമിന് അതിനുള്ള ക്വാളിറ്റിയും പ്രാപ്തിയുമുണ്ട്.

മുന്നോട്ട് പോവുംതോറും അവന്‍ ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസങ്ങളിലൊരാളായി മാറുമെന്നുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെയാണ് ഫാബ് 4 എന്ന് വിളിക്കുന്നത്. വിരാട് കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരാണ് ലോകക്രിക്കറ്റിലെ നിലവിലെ ഫാബ് 4.

മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ബാബര്‍ അസം. ഇരുപത്തേഴുകാരനായ ബാബര്‍ ഇതിനോടകം തന്നെ പാകിസ്ഥാന് വേണ്ടി 23 സെഞ്ച്വറിയുള്‍പ്പടെ 9,000ലധികം അന്താരാഷ്ട്ര റണ്‍സുകള്‍ നേടിയിട്ടുണ്ട്.

ബാബര്‍ എന്ന ഒറ്റയാളുടെ പോരാട്ട വീര്യത്തിന് മുമ്പിലാണ് പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 3 -2നായിരുന്നു പാകിസ്ഥാന്റെ വിജയം. പാകിസ്ഥാന്‍ വിജയിച്ച മൂന്ന് മത്സരത്തിലും ബാബര്‍ സെഞ്ച്വറിയും നേടിയിരുന്നു.

Content Highlight: Former Indian Star Harbhajan Singh praises Pak Skipper Babar Azam