'കപില്‍ ദേവ് പറഞ്ഞതുകേട്ട് അനില്‍ കുംബ്ലെ പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആ പറഞ്ഞതില്‍ കപിലിനെ തെറ്റ് പറയാനുമാവില്ല'
Sports News
'കപില്‍ ദേവ് പറഞ്ഞതുകേട്ട് അനില്‍ കുംബ്ലെ പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആ പറഞ്ഞതില്‍ കപിലിനെ തെറ്റ് പറയാനുമാവില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th August 2022, 8:00 pm

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് അനില്‍ കുംബ്ലെ. മാസ്മരികമായ ‘കുത്തിത്തിരിപ്പുകള്‍’ കൊണ്ട് 22 യാര്‍ഡ്‌സില്‍ വിസ്മയം വിരിയിച്ച ഇന്ത്യന്‍ ലെജന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മാറ്റിവെക്കാന്‍ സാധിക്കാത്ത ഒരു ഏടാണ്.

വിക്കറ്റുകള്‍ വീഴ്ത്തി റെക്കോഡുകള്‍ തിരുത്തിയ സൂപ്പര്‍ താരത്തിന്റെ ആദ്യകാല കരിയര്‍ അത്രകണ്ട് മികച്ചതായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ സീനിയര്‍ താരങ്ങളില്‍ നിന്നും പലതവണ വിമര്‍ശനമേറ്റിരുന്ന താരമായിരുന്നു കുംബ്ലെ.

അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് ചേര്‍ന്നതല്ല എന്നും കുംബ്ലെയ്ക്ക് പന്ത് സ്പിന്‍ ചെയ്യാന്‍ സാധിക്കില്ല എന്നതുമായിരുന്നു അവരുടെ പ്രധാന വിമര്‍ശനം.

കുംബ്ലെയുടെ കരിയറിന്റെ തുടക്കത്തില്‍ അന്നത്തെ നായകനായ കപില്‍ ദേവ് വളരെ റഫായിട്ടായിരുന്നു കുംബ്ലെയോട് പെരുമാറിയതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ബിഷന്‍ സിങ് ബേദി.

1990ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തില്‍ കുംബ്ലെ ഡീപ് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് ബാറ്റര്‍ അലന്‍ ലാംബിന്റെ ക്യാച്ച് മിസ് ചെയ്തതിന് കപില്‍ കുംബ്ലെയെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബേദി പറഞ്ഞത്.

ആ വിക്കറ്റ് നേടിയിരുന്നെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാവാന്‍ കപിലിനാവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ദി മിഡ് വിക്കറ്റ് ടേല്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബേദി ഇക്കാര്യം പറഞ്ഞത്.

ബിഷന്‍ സിങ് ബേദി

‘ഞാനായിരുന്നു ടീം മാനേജര്‍. കപില്‍ കുംബ്ലെയെ ഫീല്‍ഡില്‍ വെച്ച് വഴക്കുപറഞ്ഞിരുന്നു. കപില്‍ നൂറ് ടെസ്റ്റ് അതിനോടകം തന്നെ കളിച്ചിരുന്നു. ആ സമയം അനില്‍ കുംബ്ലെയാകട്ടെ ടീമിലെ പുതുമുഖവും.

ഡ്രെസ്സിങ് റൂമിലിരുന്ന് അവന്‍ പൊട്ടിക്കരയുന്നത് ഞാന്‍ കണ്ടിരുന്നു. അത് ഒരുപക്ഷേ അവന് കരുത്തായിട്ടുണ്ടാവണം. കണ്ണീര്‍ വാര്‍ക്കുന്നത് ആ നിമിഷത്തേക്ക് വളരെ പ്രധാനമായിരിക്കണം,’ ബേദി പറഞ്ഞു.

അവിടുന്നങ്ങോട്ട് കുംബ്ലെയുടേത് അത്ഭുതാവഹമായ വളര്‍ച്ചയായിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമായിട്ടായിട്ടാണ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയത്.

132 ടെസ്റ്റിലെ 236 ഇന്നിങ്‌സില്‍ നിന്നുമായി 619 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 2.7 എക്കോണമിയില്‍ പന്തെറിഞ്ഞ കുംബ്ലെ അഞ്ച് വിക്കറ്റ് നേട്ടം 35 തവണയും പത്ത് വിക്കറ്റ് നേട്ടം എട്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.

ഏകദിനത്തില്‍ 337 വിക്കറ്റുകളാണ് കുംബ്ലെ കൊയ്തത്. 42 ഐ.പി.എല്‍ മത്സരം കളിച്ച ഇന്ത്യയുടെ സ്പിന്‍ വിസാര്‍ഡ് 45 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

Content highlight: Former Indian Star Bishan Singh Bedi about Anil Kumble and  Kapil Dev