'കണക്കുകള്‍ കണ്ടല്ല ടീമില്‍ വേണമെന്ന് പറയുന്നത്, അങ്ങനെ കളിക്കുമ്പോള്‍ അവനേക്കാള്‍ മികച്ചതായി ആരുമില്ലെന്ന് തോന്നും'
Sports News
'കണക്കുകള്‍ കണ്ടല്ല ടീമില്‍ വേണമെന്ന് പറയുന്നത്, അങ്ങനെ കളിക്കുമ്പോള്‍ അവനേക്കാള്‍ മികച്ചതായി ആരുമില്ലെന്ന് തോന്നും'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th August 2023, 3:09 pm

സഞ്ജുവിന്റെ പൊട്ടെന്‍ഷ്യല്‍ കാരണമാണ് ആളുകള്‍ അവന്‍ ടീമില്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഏകദിനത്തില്‍ സഞ്ജുവിന്റെ സ്റ്റാറ്റ്‌സുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അവന്റെ ഏകദിന സ്റ്റാറ്റ്‌സുകള്‍ വളരെ മികച്ചതാണ്. അവന്‍ ആകെ കളിച്ചത് 13 മത്സരങ്ങള്‍ മാത്രമാണ്. എന്നാല്‍ അതാകട്ടെ തുടര്‍ച്ചയായുള്ള മത്സരങ്ങളും ആയിരുന്നില്ല. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയാണ് ആ മത്സരങ്ങളില്‍ അവന്‍ ബാറ്റ് ചെയ്തത്.

55 എന്ന ശരാശരിയിലും 104 എന്ന സ്ട്രൈക്ക് റേറ്റിലും 390 റണ്‍സാണ് അവന്‍ നേടിയത്. മൂന്ന് ഹാഫ് സെഞ്ച്വറികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഏകദിന നമ്പറുകളെല്ലാം മികച്ചതാണ്, എന്നാല്‍ സാംപിള്‍ സൈസ് അല്‍പം ചെറുതാണ്.

 

എന്തുകൊണ്ടാണ് എല്ലാവരും സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് പറയുന്നത്? അവന്റെ സ്റ്റാറ്റ്സുകള്‍ കാരണമല്ല, മറിച്ച് അവന്റെ പൊട്ടെന്‍ഷ്യല്‍ കാരണമാണ് ആളുകള്‍ ഇത് ആവശ്യപ്പെടുന്നത്. സഞ്ജു നന്നായി കളിക്കുമ്പോള്‍ അവനേക്കാള്‍ മികച്ചതായി ആരും കളിക്കുന്നില്ല എന്ന് തോന്നിപ്പോകും,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.

ഏകദിനത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ടി-20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റേത് മോശം പ്രകടനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ടി-20 ഫോര്‍മാറ്റില്‍ അവന്‍ 22 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. 18 എന്ന ശരാശരിയില്‍ 333 റണ്‍സാണ് സഞ്ജു നേടിയത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് അവന്റെ പേരിലുള്ളത്. മികച്ച സ്‌കോര്‍ 77 ആണ്. ഇത് അത്ര മികച്ച പ്രകടനമല്ല.

നിങ്ങള്‍ ഒരിക്കലും ഐ.പി.എല്ലും അന്താരാഷ്ട്ര ടി-20 മത്സരങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കരുത്, അത് തെറ്റായ ചിത്രം മാത്രമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ അവന്റെ പ്രകടനത്തെ കുറിച്ച് മനസിലാക്കാന്‍ ഞാന്‍ ഐ.പി.എല്ലിലെ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തുകയാണ്.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ അവന്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി. 30 എന്ന ശരാശരിയിലും 153 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലുമാണ് അവന്‍ റണ്‍സ് നേടിയത്. ഇത് മോശമല്ലാത്ത പ്രകടനം തന്നെയാണ്.

എന്നാല്‍ തൊട്ടുമുമ്പത്തെ സീസണ്‍ കണക്കിലെടുത്താല്‍ 28 എന്ന ശരാശരിയില്‍ 458 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് അവന്റെ പേരിലുണ്ടായിരുന്നത്. ഇതൊരു മീഡിയോക്കര്‍ പ്രകടനമാണ്. അവന്റെ ടി-20യിലെ നമ്പറുകള്‍ ഒട്ടും സന്തോഷം തരുന്ന ഒന്നല്ല,’ ആകാശ് ചോപ്ര പറഞ്ഞു.

 

Content Highlight: Former Indian star Akash Chopra praises Sanju Samson