Sports News
ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അവന്‍ അര്‍ഹനല്ല, വിരമിച്ച ശേഷം സ്റ്റാന്‍ഡ് അപ് കോമഡിയാണ് നല്ലത്; സൂപ്പര്‍ താരത്തെ പരിഹസിച്ച് സൈമണ്‍ കാറ്റിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 06, 04:09 pm
Monday, 6th January 2025, 9:39 pm

നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയം സ്വന്തമാക്കുന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് ശര്‍മയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു.

കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്ന് വെറും 19 റണ്‍സ് മാത്രമാണ് താരം നേടിയത്. പെര്‍ത്തിലെ ടെസ്റ്റില്‍ വ്യക്തിപരമായ കാരണംകൊണ്ട് മാറിനിന്നപ്പോള്‍ ബുംറ ഇന്ത്യയെ നയിച്ച് വിജയം നേടിയിരുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിഡ്നി ടെസ്റ്റിലും രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ബുംറയ്ക്ക് വിട്ടുകൊടുത്ത് ഇലവനില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

ഇപ്പോള്‍ രോഹിത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ രോഹിത്തിന് സ്റ്റാന്‍ഡ് അപ് കോമഡിയില്‍ ഒരു ഭാവിയുണ്ടാകുമെന്നാണ് മുന്‍ താരം പരിഹസിച്ചത്. 37ാം വയസില്‍ ഫോമില്ലാത്ത രോഹിത് ഓപ്പണിങ്ങില്‍ തുടരാന്‍ യോഗ്യനല്ലെന്നും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ തെരെഞ്ഞടുക്കപ്പെട്ടാല്‍ രോഹിത്തിന് അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് സൈമണ്‍ പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍.

‘ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സ്റ്റാന്‍ഡ്-അപ്പ് കോമഡിയില്‍ അദ്ദേഹത്തിന് ഒരു ഭാവിയുണ്ട്. കാരണം അദ്ദേഹത്തിന് നല്ല നര്‍മ്മബോധം ഉണ്ട്. ഇനിയും അഭിനയിക്കാന്‍ കഴിയുമോ എന്ന് അവനറിയാം. 37ാം വയസില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര എളുപ്പമാകില്ല,

ടീമിലെ ചില മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഗസ് ആറ്റ്കിന്‍സണും ബ്രൈഡണ്‍ കാഴ്സും മികച്ചതായി കാണപ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ തീരുമാനിക്കുകയും സെലക്ടര്‍മാര്‍ അവനെ തിരഞ്ഞെടുക്കുകയും ചെയ്താല്‍ അത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സമീപകാല സംഖ്യകള്‍ മികച്ചതല്ല, 37ല്‍ അദ്ദേഹം ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അര്‍ഹനല്ല,’ അദ്ദേഹം പറഞ്ഞു.

ജനുവരി 22 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഹോം പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയ്ക്ക് ഉള്ളത്.

 

Content Highlight: Former Australian Player Simon Katich Criticize Rohit Sharma