ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഡി.വൈ. ചന്ദ്രചൂഡ്
national news
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഡി.വൈ. ചന്ദ്രചൂഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2024, 7:13 pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായുള്ള തന്റെ അവസാനദിവസത്തില്‍ ക്ഷമാപണവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അവസാന ദിവസമായ ഇന്ന് സെറിമോണിയല്‍ ബെഞ്ചിന്റെ സിറ്റിങ്ങില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഡി.വൈ. ചന്ദ്രചൂഡ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി അറിയിച്ചത്.

പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സാമിപ്യത്തിലായിരുന്നു ഡി.വൈ. ചന്ദ്രചൂഡ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഈ കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെന്നും ഇവിടെവെച്ച് ഒട്ടും പരിചയമില്ലാത്ത നിരവധി ആളുകളെ കണ്ടുമുട്ടിയെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഈ കോടതിയില്‍വെച്ച് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും തന്നെ കാണാന്‍ ഇത്രയും ആളുകള്‍ എത്തിയതില്‍ നന്ദി പറയുന്നതായും ചന്ദ്രചൂഡ് പറഞ്ഞു.

‘ഇന്നലെ സെറിമോണിയല്‍ ബെഞ്ച് എപ്പോഴാണ് നിശ്ചയിക്കേണ്ടതെന്ന് കോടതി ജീവനക്കാര്‍ എന്നോട് ചോദിച്ചപ്പോള്‍, എനിക്ക് കഴിയുന്നത്ര കേസുകള്‍ ആ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അവസാന സമയം വരെ നീതി നടപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം തന്റെ പിന്‍ഗാമിയായ സഞ്ജീവ് ഖന്നയെ അന്തസുറ്റ, ഉറച്ച വ്യക്തിത്വത്തിനുടമ എന്ന്‌ വിശേഷിപ്പിച്ചാണ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ന് (വെള്ളിയാഴ്ച്ച) ആയിരുന്നു ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ അവസാനത്തെ പ്രവര്‍ത്തിദിനം. സുപ്രീം കോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസ് ആയ ഡി.വൈ. ചന്ദ്രചൂഡ് നവംബര്‍ 10 ഞായറാഴ്ചയാണ് പദവിയില്‍ നിന്ന് ഒഴിയുന്നത്. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അവസാനത്തെ പ്രവര്‍ത്തിദിനമായത്‌.

ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നിലധികം വിഷയങ്ങളില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്. 2022ല്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ രണ്ടര വര്‍ഷത്തെ സേവനം ഇന്ന് (വെള്ളിയാഴ്ച) രണ്ട് മണിയോടെ പൂര്‍ത്തിയായി. സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ സെറിമോണിയല്‍ ബെഞ്ച് സിറ്റിങ് നടത്തിയാണ് അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്.

2016ലാണ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് പദവിയില്‍ നിയമിതനായത്. 2013 മുതല്‍ 2016 വരെ അലഹബാദ് ഹൈക്കോടതിയിലും 2000 മുതല്‍ 2013 വരെ ബോംബൈ ഹൈക്കോടതിയിലും യഥാക്രമം അദ്ദേഹം ചീഫ് ജസ്റ്റിസായും ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡും സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു.

സുപ്രധാനമായ നാല് കേസുകളില്‍ കൂടി വിധി പുറപ്പെടുവിച്ച ശേഷമാണ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങിയത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസനയത്തിന്റെ സാധുത, സമ്പത്ത് പുനര്‍വിതരണ പ്രശ്‌നം, ജെറ്റ് എയര്‍വെയ്‌സിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം എന്നിവയാണ് അദ്ദേഹം അധ്യക്ഷത വഹിച്ച ബെഞ്ചുകള്‍ പരിഗണിച്ച കേസുകള്‍.

Content Highlight: Forgive me if I ever hurt anyone says D.Y. Chandrachud on farewell speech