സി.പി. ജലീല്‍ വെടിയുതിര്‍ത്തില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ; പൊലീസ് വാദം പൊളിയുന്നു
തിരുവനന്തപുരം: വൈത്തിരിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തില്ലെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. തോക്കുകളുടെ ശാസ്ത്രീയപരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.
പൊലീസിനെ വെടിവെച്ചെന്നും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ജലീല്‍ പൊലീസിനെ വെടിവെച്ചതുകൊണ്ടല്ല തിരിച്ചുവെടിവെച്ചത് എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം ശരിവെക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പൊലീസ് സമര്‍പ്പിച്ച ജലീലിന്റേതെന്ന് അവകാപ്പെട്ട തോക്കില്‍ നിന്നല്ല വെടി ഉയര്‍ത്തതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജലീലിന്റെ വലതുകയ്യില്‍ നിന്ന് എടുത്ത സാമ്പിളില്‍ വെടിമരുന്നിന്റെ ഏതെങ്കിലും തരത്തിലുള്ള അംശമൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് തിരക്കഥയനുസരിച്ച് നടന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ആരോപിച്ച് കുടുബവും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച തോക്കുകള്‍ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് കൊടുക്കരുതെന്നും അത് തെളിവുനശിപ്പിക്കാന്‍ കാരണമാകുമെന്നും ജലീലിന്റെ സഹോദരന്‍ റഷീദ് ആവശ്യപ്പെട്ടിരുന്നു.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കള്‍ പാരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് സി.പി ജലീല്‍ പൊലീസ് വെടിവെപ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഏറ്റുമുട്ടലിന് പൊലീസ് ഉപയോഗിച്ച ആയുധങ്ങള്‍ തിരികെയാവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചീഫ് നല്‍കിയ അപേക്ഷയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
2019 മാര്‍ച്ച് 6 ന് സി.പി ജലീല്‍ കൊല്ലപ്പെട്ട ദിവസം തന്നെ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് വയനാട് എസ്.പിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിയിന്മേല്‍ അന്വേഷണം നടക്കാത്തതിനാല്‍ സംഭവത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സി.പി ജലീലിന്റെ കുടുംബം 2019 ജൂലൈ മാസത്തില്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.
ഇതിനിടയിലാണ് ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന കഴിഞ്ഞതിനാല്‍ അവ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം കേസ്സില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരിലേക്ക് തന്നെ ആയുധങ്ങള്‍ തിരികെയെത്തുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് കേസ്സില്‍ ജലീലിന്റെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലൈജു വി.ജി ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് വൈത്തിരിയില്‍ നടന്നത് പൊലീസിന്റെ ഏകപക്ഷീയമായ കൊലപാതകമാണന്നത് തെളിയിക്കാനുള്ള ഈ നിയമപോരാട്ടത്തില്‍ പ്രതീക്ഷയുളവാക്കുന്നതാണെന്ന് സി.പി റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
2019 മാര്‍ച്ച് 6 നായിരുന്നു വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് രാത്രി 9 മണിയോടെ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ പോലീസിന്റെ വെടിയറ്റ് കൊല്ലപ്പെട്ടത്.
സി.പി ജലീലിന്റെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഉണ്ടന്നും ഇവ പുറത്ത് കൊണ്ടുവരാന്‍ ഒരു ജില്ലാ ജഡ്ജി അധ്യക്ഷനായ അന്വേഷണ കമ്മറ്റി ഉണ്ടാക്കണമെന്നും നേരത്തെ തന്നെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Forensic report says C.P Jalil did not shoot police argument fails