'കത്തിച്ചതല്ല, സ്വയം കത്തിയത്'; ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്
Kerala News
'കത്തിച്ചതല്ല, സ്വയം കത്തിയത്'; ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 9:27 am

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് സ്വയം തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ രാസമാറ്റം ഉണ്ടായെന്നും ഇതാണ് തീപിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

മാർച്ച് 2ന് ആണ് ബ്രഹ്മപുരത്ത് തീപിടിക്കുന്നത്. 12 ദിവസത്തെ പ്രയത്നത്തിന് ശേഷമായിരുന്നു തീയണക്കാനായത്. നിരവധി പേരാണ് ബ്രഹ്മപുരത്ത് തീ ആളിപ്പടർന്നതിന് പിന്നാലെ കൊച്ചി വിട്ടത്. സിനിമാതാരങ്ങളുൾപ്പെടെ സംഭവത്തെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

അതേസമയം ബ്രഹ്മപുരം പ്ലാൻറിൽ തീപിടിത്തമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം സോൺടാ കമ്പനിക്ക് ആയിരിക്കുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 54.9 കോടിയുടെ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് മാലിന്യകേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചാണ്. പരിക്കേറ്റവർക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ അതും കരാർ കമ്പനി വഹിക്കണമെന്നും കരാറിലുണ്ട്.

110 ഏക്കർ സ്ഥലത്താണ് ബ്രഹ്മപുരം പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ചുമതല തദ്ദേശവകുപ്പിനാണെന്നും ദുരന്തനിവാരണ നിയമപ്രകാരം ഒന്നാം പിണറായി സർക്കാർ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്ക് മാലിന്യ സംസ്‌കരണത്തിന്റെ ചുമതല കൈമാറിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സർക്കാർ ഏറ്റെടുത്തതിനാൽ തീപിടിത്തം പോലുള്ള അപകടങ്ങളിൽ പോലും കൊച്ചി കോർപറേഷന് ഇടപെടാൻ സാധിക്കില്ല. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടേണ്ടത് ജില്ലാ കലക്ടർ ആണെന്നും ഉത്തരവിലുണ്ട്. തദ്ദേശവകുപ്പ് പദ്ധതി ഏറ്റെടുത്തെങ്കിലും ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായപ്പോൾ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.

ബ്രഹ്മപുരത്ത് തിപിടിത്തമുണ്ടാകാനും വിഷപ്പുക പടരാനുമുള്ള സാഹചര്യമുണ്ടെന്നും കോർപറേഷൻ പരാജയമാണെന്നും ചൂണ്ടികാണിച്ചായിരുന്നു സർക്കാർ തദ്ദേശവകുപ്പിന് ബ്രഹ്മപുരം പ്ലാൻറിന്റെ ചുമതല കൈമാറിയത്.

എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പ്ലാന്റുമായി ബന്ധപ്പെട്ട യാതൊരു വിഷയവും തദ്ദേശവകുപ്പ് ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.

അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പ്രത്യേക സംഘം അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും കൊച്ചി കോർപ്പറേഷന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിലുമായിരിക്കും പ്രധാനമായും അന്വേഷണം നടക്കുകയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Content Highlight: Forensic report in Brahmapuram waste plant fire is out