ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിലുമെത്തി പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍ തുടങ്ങിയത്.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1971ലെ ഇന്ത്യ-പാക് യുദ്ധത്തിനും ശേഷം ചൈനയിലേക്കും പാകിസ്ഥാനിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളാണ് ഇങ്ങനെ കണ്ടുകെട്ടുന്നത്. ഈ സ്വത്തുക്കളെ ശത്രു സ്വത്തുക്കള്‍ എന്നാണ് വിളിക്കുന്നത്.
ഇന്ത്യയില്‍ ആകെ ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന 12,611 ശത്രു സ്വത്തുക്കളുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 12,485 സ്വത്തുക്കള്‍ പാകിസ്ഥാനിലെയും 126 എണ്ണം ചൈനയിലെയും പൗരത്വം സ്വീകരിച്ചവരുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സ്വത്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ മാറ്റി കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുകയായിരുന്നു.
‘ഒരു കോടിയില്‍ കുറവുള്ള സ്വത്തുക്കളാണെങ്കില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് വാങ്ങാനുള്ള അവസരം നല്‍കും. ഈ രീതിയില്‍ വില്‍പന നടന്നില്ലെങ്കില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വത്തുക്കള്‍ വില്‍ക്കുന്നതായിരിക്കും,’ വിജ്ഞാപനത്തില്‍ പറയുന്നു.
ഒരു കോടി മുതല്‍ 100 കോടി വരെ വില മതിക്കുന്ന സ്വത്തുക്കളാണെങ്കില്‍ അത് ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് നല്‍കുമെന്നും അല്ലാത്തപക്ഷം ശത്രു സ്വത്ത് വില്‍പന കമ്മിറ്റി തീരുമാനിക്കുന്നത് പ്രകാരം കേന്ദ്ര സര്‍ക്കാറിന് നടപടിയെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വത്തുക്കള്‍ ലേലം ചെയ്യുന്നത് സി.ഇ.പി.ഐ (കസ്‌റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി ഫോര്‍ ഇന്ത്യ) മുഖേനയാണ്. ഈ മാസം ആദ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 20 സംസ്ഥാനങ്ങളിലും മൂന്ന് യൂണിയന്‍ ടെറിറ്ററിയിലും സ്വത്തിന്റെ വിവരങ്ങള്‍ അറിയാന്‍ സര്‍വേ നടത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശിലാണുള്ളത്. 6255 സ്വത്തുക്കളാണ് അവിടെ നിന്ന് കണ്ടുകെട്ടിയത്.
വെസ്റ്റ് ബംഗാള്‍-4088, ദല്‍ഹി-659, ഗോവ-295, മഹാരാഷ്ട്ര-208, തെലങ്കാന-158, ഗുജറാത്ത്-151, ത്രിപുര-105, ബിഹാര്‍-94, മധ്യപ്രദേശ്-94, ചത്തീസ്ഗഢ്-78,ഹരിയാന-71,കേരളം-71, ഉത്തരാഖണ്ഡ്-67, തമിഴ്‌നാട്-67, മേഘാലയ-57, അസം-29, കര്‍ണാടക-24, രാജസ്ഥാന്‍-22, ജാര്‍ഖണ്ഡ്-10, ദാമന്‍ ആന്റ് ദിയു-4, ആന്ധ്ര പ്രദേശ്-1, ആന്‍ഡമാന്‍ നിക്കോബാര്‍-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
2021-22 വര്‍ഷത്തിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം സ്വത്തുക്കള്‍ വിറ്റ വകയില്‍ 3400 കോടി രൂപയുടെ വരുമാനമുണ്ടായിട്ടുണ്ട്.
സ്വത്ത് വില്‍പനയുടെ കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ 2020ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
content highlight: for sale of ‘enemy properties’; The Union Ministry of Home Affairs has said that the properties of those who have accepted the citizenship of Pakistan and China will be distributed