സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിട്ട് എം.എല്‍.എസ്സില്‍ കളിക്കണമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫുട്‌ബോള്‍ പണ്ഡിറ്റുമായ മൈക്കല്‍ സില്‍വെസ്റ്റര്‍.
മേജര്‍ ലീഗ് ഫുട്‌ബോളില്‍ റൊണാള്‍ഡോ മെസിക്കെതിരെ പന്ത് തട്ടുന്നത് അതിശയകരമായിരിക്കുമെന്നും ആരാധകരുടെ സ്വപ്‌നമാണ് അതെന്നും സില്‍വെസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ നിലവില്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ലോകകപ്പിന് ശേഷം റൊണാള്‍ഡോ മറ്റൊരു ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
നോര്‍സ്‌കെബെറ്റിങ്‌സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം മേജര്‍ ലീഗ് സോക്കറില്‍ കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.
‘മേജര്‍ ലീഗ് സോക്കറില്‍ മെസിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് തട്ടുന്നത് അതിശയകരമാണ്. ഇത് ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്‌നമായിക്കും. പക്ഷേ അദ്ദേഹം സൗദിയില്‍ സന്തുഷ്ടനാണെന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ അദ്ദേഹമാണ് സൗദി ലീഗിന്റെ മുഖം.
അദ്ദേഹമിപ്പോഴും പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്നുണ്ട്. ഒരുപക്ഷേ ലോകകപ്പിന് ശേഷം തന്റെ കരിയറിലെ അവസാന ട്രാന്‍സ്ഫറിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചേക്കാം,’ സില്‍വെസ്റ്റര്‍ പറഞ്ഞു.
നിലവില്‍ 39കാരനായ റൊണാള്‍ഡോ അല്‍ നസറില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനന്റിന്റെ പോഡ്കാസ്റ്റില്‍ തന്റെ വിരമിക്കലിനെ കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു.
‘ആളുകളെല്ലായ്‌പ്പോഴും മോശം ഭാഗത്തെ കുറിച്ചാണ് സംസാരിക്കുക, നല്ല വശത്തെ കുറിച്ച് അധികം സംസാരിക്കാറില്ല. പക്ഷേ രണ്ട് എലികള്‍ എന്നെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഒരിക്കലും എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല.
ഈ ലോകം എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഇതാണെന്നെ ഫുട്ബോള്‍ കളിക്കുന്നത് തുടരാന്‍ എല്ലായ്‌പ്പോഴും പ്രേരിപ്പിക്കുന്നത്.
ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ആരാലും അറിയാത്ത രണ്ട് ആളുകള്‍ ടി.വിയില്‍ ഇരുന്ന് എന്നെ വിമര്‍ശിച്ചെന്ന് കരുതി എന്റെ തിളക്കമോ ഞാന്‍ നേടിയതോ ഒന്നും തന്നെ ആരും കൊണ്ടുപോകാന്‍ പോകുന്നില്ല.
ഞാന്‍ എല്ലാം തന്നെ നല്‍കി. ഫുട്ബോളിനായി ഞാന്‍ എന്നെ തന്നെ 25 വര്‍ഷം വിട്ടുനല്‍കി. രണ്ട് മൂന്ന് വര്‍ഷക്കാലത്തേക്ക് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ അതുകഴിഞ്ഞാല്‍ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
കളിക്കളത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഞാന്‍ കരയുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ചിലപ്പോള്‍, കുറച്ച് കരഞ്ഞേക്കും,’ റൊണാള്‍ഡോ പറഞ്ഞു.
Content Highlight: Football Pundit about Ronaldo playing in MLS