ന്യൂദല്‍ഹി: രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പലതരം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടന്‍ സിദ്ധാന്തങ്ങള്‍ രാജ്യത്തിന് ആവശ്യമില്ലെന്ന് പറഞ്ഞ രാഹുല്‍ ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാര്‍ത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്ര ഊബര്‍, ഒല ടാക്‌സികളിലേക്ക് മാറ്റിയതുകൊണ്ടാണെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇന്ത്യയ്ക്ക് വേണ്ടത് പ്രത്യേക ഉദ്ദേശത്തോടെയുള്ള വ്യാജ പ്രചരണങ്ങളോ കൃത്രിമമായ വാര്‍ത്തകളോ മില്ലേനിയലുകളെക്കുറിച്ചുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങളോ അല്ല. മറിച്ച് സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള ശക്തമായ പദ്ധതിയാണ്, ”രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ പടിയെന്നും രാഹുല്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസും മന്‍മോഹന്‍ സിങ്ങിന്റെ ഈ അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
”ഞങ്ങള്‍ ഇപ്പോള്‍ മറ്റൊരു തരത്തിലുള്ള പ്രതിസന്ധിയിലേക്ക് കടക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഘടനാപരവും ചാക്രികവുമായ ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം. പ്രതിസന്ധിയെ നേരിടാനുള്ള ആദ്യപടി ഞങ്ങള്‍ ഇത്തരമൊരു അവസ്ഥയെ ഭിമുഖീകരിക്കുന്നുവെന്ന് അംഗീകരിക്കലാണ്.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നത് നിഷേധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മന്‍മോഹന്‍ സിംഗ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം ഒരു വലിയ മണ്ടത്തരമാണെന്നും മന്‍മോഹന്‍ സിംഗ് അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
പ്രധാനമന്ത്രി മോദിക്ക് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ ഇപ്പോഴും അദ്ദേഹത്തിന് കഴിയുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘ഞാന്‍ ധനമന്ത്രിയായിരിക്കുമ്പോഴോ പ്രധാനമന്ത്രിയായിരിക്കുമ്പോഴോ ഞങ്ങള്‍ക്ക് ഇത്ര വലിയ ജനവിധി ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, ഞങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചു, 1991 ലെ പ്രതിസന്ധിയിലൂടെയും 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിജയകരമായി സഞ്ചരിച്ചു,’ മന്‍മോഹന്‍ സിംഗ് ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.