മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ നിന്നും പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പടെയുള്ള കിറ്റിൽ കീടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അവിടെ വിതരണം ചെയ്തിട്ടുള്ളത് രണ്ട് തരത്തിലുള്ള അരി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം എല്ലാ പഞ്ചായത്തിലും ഭരണകൂടം നൽകിയത് ഒരേ സാധനങ്ങളാണെന്നും മറ്റ് അഞ്ച് പഞ്ചായത്തുകളിൽ ഇല്ലാത്ത പ്രശ്നം മേപ്പാടിയിൽ മാത്രം എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു.
‘അവസാനം വിതരണം ചെയ്തിട്ടുള്ളത് രണ്ട് തരം അരികൾ മാത്രമാണ്. അത് ഓരോ പഞ്ചായത്തിലും കൊടുത്തതിന്റെ കൃത്യമായ കണക്കുകൾ ഉണ്ട്. മേപ്പാടി, മുപ്പൈനാട് , വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, കണിയാമ്പറ്റ, അമ്പലവയൽ എന്നിവിടങ്ങളാണ് ആ പഞ്ചായത്തുകൾ. ആറ് പഞ്ചായത്തുകളിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കുമായി 51,340 കിലോ അരിയാണ് വിതരണം ചെയ്തിട്ടുള്ളത്. ആ അരിയിൽ ഒരു വിധ പ്രശ്നങ്ങളും ഇല്ല എന്നതിൽ നല്ല ബോധ്യമുള്ളതുമാണ്.
ഈ സംഭവം ഉണ്ടായതോടെ കളക്ടറുടെയും ബന്ധപ്പെട്ട സ്റ്റോർ ചാർജ് ഓഫീസർമാരുടെയും റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. മേപ്പാടിയോടൊപ്പം അരി വിതരണം ചെയ്ത പഞ്ചായത്തുകളിൽ ഞാൻ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനോടൊപ്പം അരി വിതരണം ചെയ്ത ഒരു പഞ്ചായത്തുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല.
മറ്റ് പഞ്ചായത്തുകളിൽ ഇല്ലാത്ത പ്രശ്നം എങ്ങനെയാണ് ഒരു പഞ്ചായത്തിൽ മാത്രം ഉണ്ടാവുക,’ അദ്ദേഹം ചോദിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ നിന്നും പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും ലഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ ശോച്യാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
പഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാനുള്ള എല്ലാ കാരണങ്ങളും അന്വേഷിക്കണമെന്നും വിതരണത്തില്‍ അപാകതകളുണ്ടായോ എന്നും അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്കാണോ എന്നും ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: Food Kit Controversy; The district administration has given the same facilities everywhere, how can the problem not exist in five panchayats only in one place: K. Rajan