'തമിഴര്‍ക്ക് നന്ദി, ഇത് പുതിയ ജീവിതം, പൊതുരംഗത്തേക്കില്ല'; 31 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ നളിനി
national news
'തമിഴര്‍ക്ക് നന്ദി, ഇത് പുതിയ ജീവിതം, പൊതുരംഗത്തേക്കില്ല'; 31 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ നളിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th November 2022, 10:33 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളില്‍ അഞ്ച് പേര്‍ ജയില്‍ മോചിതരായി. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെയാണ് ഇവര്‍ മോചിതരായത്.

നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പൈസ്, ജയകുമാര്‍ എന്നിവരാണ് മോചിതരായത്. മുരുകനും ശാന്തനും ശ്രീലങ്കന്‍ പൗരന്മാരാണ്. ഇവരെ പൊലീസ് വാഹനത്തില്‍ സംസ്ഥാനത്തെ തിരുച്ചിറപ്പള്ളിയിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് കൊണ്ടുപോയി.

തന്നെ പിന്തുണച്ചതിന് തമിഴ് ജനതക്ക് നന്ദി പറയുന്നതായും ഭര്‍ത്താവും മകളുമൊത്തുള്ള ഒരു പുതിയ ജീവിതമാണിതെന്നും നളിനി മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് എന്റെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഒരു പുതിയ ജീവിതമാണ്. ഞാനിനി പൊതുരംഗത്തേക്ക് വരാന്‍ പോകുന്നില്ല. 30 വര്‍ഷത്തിലേറെയായി എന്നെ പിന്തുണച്ചതിന് തമിഴര്‍ക്ക് നന്ദി പറയുന്നു.

സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാരുകളോടും നന്ദി പറയുന്നു. ഞാന്‍ എന്റെ മകളോട് സംസാരിച്ചു,’ ജയിലില്‍ മോചിതയായ ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നളിനി പറഞ്ഞു.

31 വര്‍ഷമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനി ജയിലിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികമുള്ള ജയില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു.

പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ചൂട്ടിക്കാണിച്ചാണ് നളിനി ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ടെന്നും അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു

മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി. രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹരജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

1991 മെയ് 21ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്‌പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

1999 മെയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014ല്‍ സുപ്രീം കോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി കേന്ദ്രം 11 വര്‍ഷം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.

CONTENT HIGHLIGHT: Five of the six accused in the Rajeev Gandhi assassination case have been released from jail