കാസര്‍ഗോഡ്: കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് കൊവിഡ് പരിശോധനയെചൊല്ലി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കടലില്‍ പോകുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
മൂന്നോറോളം വരുന്ന മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കില്ലെന്ന് ആര്‍.ഡി.ഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
രോഗവ്യാപനം രൂക്ഷമായ തീരദേശമേഖലയില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രോഗവ്യാപന നിരക്ക് കുറഞ്ഞത് കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
നിയന്ത്രണങ്ങളുടെ ഭാഗമായി തീരദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് എടുത്ത് മാറ്റണമെന്നും പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ തീരദേശമേഖലയെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് തീരുമാനം.
ക്ലബുകള്‍ ജിമ്മുകള്‍ എന്നിവയും അടഞ്ഞ് തന്നെ കിടക്കും. അതേസമയം തിരുവനന്തപുരത്ത് നേരത്തെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലുണ്ടായിരുന്ന പലപ്രദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.