ഇന്ത്യയിലാദ്യം; ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേരളം
Kerala News
ഇന്ത്യയിലാദ്യം; ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 8:24 pm

 

തിരുവനന്തപുരം: കേരളത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ബില്ലിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പിലായാല്‍ രാജ്യത്ത് തന്നെ ആദ്യമായി ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിര്‍മാണം നടത്തിയ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ഗാര്‍ഹിക തൊഴിലാളികളുടെ സംഘടന തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന്‍മേലുള്ള പ്രാഥമിക ചര്‍ച്ച ഇന്ന് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.

ഗാര്‍ഹിക തൊഴിലാകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, സാമ്പത്തിക ചൂഷണം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിനല്‍കുക എന്നിവയാണ് ഈ നിയമത്തില്‍ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കാര്യങ്ങളുടെ ഈ ബില്ലില്‍ ഉണ്ടാകും.

ഗാര്‍ഹിക തൊഴിലാളിയും തൊഴിലുടമയുമായുള്ള കരാര്‍, ഏജന്‍സികളുമായുള്ള കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഈ ബില്ലിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളിയുടെ അവകാശങ്ങളും ഉടമകളുടെ ഉത്തരവാദിത്വവും ഈ ബില്ലില്‍ ഉറപ്പുവരുത്തും. ജോലിസമയം, വിശ്രമ സമയം, അവധിയും മറ്റു ആനുകൂല്യങ്ങളും എല്ലാം പുതിയ നിയമത്തില്‍ ഉറപ്പുവരുത്തും.

നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലിന്റെ കരടിന്‍മേലുള്ള പ്രാഥമിക ഘട്ട ചര്‍ച്ചയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. വിവിധ ഘട്ടങ്ങളായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും.

content highlights: First in India; Kerala is about to implement a new law for the rights of domestic workers