Advertisement
Movie Day
ആദിവാസി സമുദായത്തില്‍ നിന്നും ആദ്യ സംവിധായിക: ചിത്രം അടുത്താഴ്ച പുറത്തിറങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 30, 07:18 am
Saturday, 30th June 2012, 12:48 pm

വയനാട്: ആദിവാസി സമുദായത്തില്‍ നിന്ന് ഒരു വനിത ആദ്യമായി സംവിധായികയാവുന്നു. വയനാട് ജില്ലക്കാരി ലീലയാണ് പണിയ സമുദായത്തിന്റെ ആചാരങ്ങള്‍ ചിത്രീകരിക്കുന്ന “ഗോത്രപ്പഴമ” എന്ന ഡോക്യുമെന്ററിയിലൂടെ സംവിധാന രംഗത്തിറങ്ങുന്നത്.

പണിയ സമുദായത്തില്‍പ്പെട്ടവരുടെ ജനനം മുതല്‍ മരണം വരെയുള്ള ആചാരങ്ങളാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന കലാരൂപങ്ങളും ഇവര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

വയനാട്ടിലെ ആദിവാസികളില്‍ ജനസംഖ്യയില്‍ പണിയ സമുദായക്കാര്‍ മുന്‍പിലാണെങ്കിലും വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ ഇവര്‍ വളരെയധികം പിന്തള്ളപ്പെടുകയാണ്. ഈ പ്രശ്‌നങ്ങളൊക്കെയാണ് താന്‍ ഡോക്യുമെന്ററിയിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് ലീല പറഞ്ഞു.

” വയനാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ആള്‍ക്കാരാണ്. പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാവുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ നിന്നും ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. ” ലീല പറഞ്ഞു.

ഭാവിയിലും ഇതുപോലുള്ള വിഷയങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ലീല പറഞ്ഞു. ലീലയുടെ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായി. എഡിറ്റിംഗ് ജോലികള്‍ നടക്കുകയാണ്. ചിത്രം അടുത്താഴ്ച പുറത്തിറക്കാനാണ് തീരുമാനം.