ക്രിക്കറ്റ് ഗ്രൗണ്ടിലെ പുല്ലില്‍ വെള്ളം തളിയ്ക്കുന്ന ജോലി ചെയ്തിരുന്ന ദളിത് വിഭാഗത്തിലെ ഏഴു വയസുക്കാരിയ്ക്ക് അന്നും ഒരു സാധാരണ ദിവസമായിരുന്നു. രാവിലെ തന്നെ ഗ്രൗണ്ടിലെത്തി അവള്‍ നനയ്ക്കാന്‍ തുടങ്ങി. ക്രിക്കറ്റ്പിച്ച് മുറിച്ചു കടക്കുമ്പോള്‍ കുറച്ചു വെള്ളം പിച്ചില്‍ വീണു. ഇതു കണ്ട സവര്‍ണ്ണരായ ആണ്‍കുട്ടികള്‍ അവളെ തലങ്ങും വിലങ്ങും തല്ലി. രാജ്യത്തെങ്ങും നടക്കുന്നത് പോലെ ഈ സംഭവും ലോകമറിയാതെയും കുറ്റക്കാരെ ശിക്ഷിക്കപ്പെടാതെയും പോകുമായിരയുരുന്നു വക്കീലും ജുവനൈല്‍ ബോര്‍ഡ് മെമ്പറുമായ ഗൗരി കുമാരി ഇടപ്പെട്ടിരുന്നില്ലെങ്കില്‍. ഗൗരി കുമാരി കേസ് എറ്റെടുക്കുകയും കോടതിയില്‍ ഏഴ് വയസുക്കാരിക്കായി പോരാടുകയും ചെയ്തു. ഹൈകോടതിയില്‍ നിന്നും കുറ്റക്കാരായവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്തു. കുറ്റക്കാരെന്നു കണ്ടെത്തിയവരെ ജയിലില്‍ അടച്ചു.
ഗൗരി കുമാരി രാജ്യത്തിന്റെ ജാതി വ്യവസ്ഥയിലെ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണ്. ബീഹാറിലെ ഏറ്റവും ഉള്‍നാടന്‍ ഗ്രാമമായ മുങ്കര്‍ ജില്ലയിലാണ് ഗൗരിയുടെ സ്വദേശം. ഗൗരി പോളിയോ രോഗത്തിനും ഇരയാണ്. ഗൗരിയുടെ അച്ഛന്‍ തൂപ്പുക്കാരനായിരുന്നു. കുടുംബം വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെങ്കിലും ഗൗരി പഠിയ്ക്കണമെന്നു അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ജീവിതത്തില്‍ ഗൗരി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സമയം അവരുടെ അമ്മ മരിച്ചപ്പോഴും അച്ചനു ജോലി നഷ്ടപ്പെട്ടപ്പോഴുമായിരുന്നു എന്നാല്‍ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് ഗൗരി പഠനം തുടര്‍ന്നു.സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ ഗൗരി തന്റെ ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് അഭിഭാഷകയുമായി. തുടര്‍ന്ന് ദളിതരുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്റെ വാര്‍ഡില്‍ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍തഥിയായ ഗൗരി അഞ്ചു വര്‍ഷക്കാലം മുങ്കര്‍ കൗണ്‍സിലിലെ വാര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു.
ആദ്യത്തെ വനിത ദളിത് അഭിഭാഷകയായ ഗൗരിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അധികാരമേല്‍ക്കാന്‍ ചുമതലപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അവര്‍ക്കു പല തരത്തിലുള്ള വിവേചനങ്ങളെയാണ് നേരിടേണ്ടി വന്നത്. ജുവനൈല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഭൂരിഭാഗവും സവര്‍ണ്ണരായതിനാല്‍ ജാതീയമായ അധിഷേപങ്ങളും ഒരു സ്ത്രീ ആയതിന്റെ വിവേചനവും അവര്‍ക്കു നേരിടേണ്ടി വന്നു.
രാഷ്ട്രീയത്തിന്റെ മുന്‍ നിരയിലെത്തി ജനങ്ങളെ സേവിക്കണമെന്നായിരുന്നു ഗൗരിയുടെ ആഗ്രഹം. എന്നാല്‍ അതിനു ആവശ്യമായ ഒരു ചവിട്ടു പടിയില്ലാത്തതിനാല്‍ അവര്‍ ആഗ്രഹത്തെ മാറ്റി വെക്കുകയായിരുന്നു. ഇപ്പോള്‍ ഗൗരി നല്ലൊരു സാമൂഹിക പ്രവര്‍ത്തകായി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകളുടെ പഠനത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് അവരിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.