പാലക്കാട്: വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ വിവാദപരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നത്.
കുഞ്ഞിന് ഏഴ് ലക്ഷം ഓപ്പറേഷന് വേണ്ടിടത്ത് പത്ത് ലക്ഷം രൂപ നല്‍കിയെന്നും പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്ക് നല്‍കിയെന്നും എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട് അക്കൗണ്ടില്‍ വന്ന പണം അവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നുമാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.
അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ തരാര്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞെന്നും എന്നാല്‍ അവര്‍ പോലും അധ്വാനിച്ചുണ്ടാക്കാത്ത പണത്തിന് വേണ്ടി തനിക്കെതിരെ ചിലര്‍ ആരോപണവുമായി എത്തിയിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികള്‍ എന്നാണ് ഫിറോസ് വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.
ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടില്‍ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.
‘കുട്ടിയുടെ പ്രശ്‌നം കഴിഞ്ഞു. കുട്ടി സുഖമായി വീട്ടിലിരിക്കുകയാണ്. അവര്‍ അധ്വാനിച്ചുണ്ടാക്കിയ പൈസയല്ല. പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പൈസ ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പൈസ തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചു.
ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. എന്തായാലും ഇതൊക്കെ അനുഭവിച്ചേ തീരൂ. നമ്മള്‍ ചെയ്യുന്നതിന്റെ കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണ്. ഫിറോസിനെ അറസ്റ്റ് ചെയ്യണമെന്നാണ് പറഞ്ഞത്. വേഗം വന്നോളൂ പൊന്നുമക്കളേ’, ഫിറോസ് പറഞ്ഞു.
ഈ വീഡിയോയ്ക്ക് ശേഷം മറ്റൊരു കുറിപ്പും ഫിറോസ് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.